പ്ലാസ്റ്റിക് പൂക്കള്‍

മൂന്നാല് വര്‍ഷം മുന്നെ കൊച്ചിയിലെ ഒരു വഴിയോര കച്ചവടത്തില്‍ നിന്ന് വാങ്ങിയതാണ്. മണമില്ലെങ്കിലും നിറം മങ്ങാതിരിക്കുന്നു..
Add comment ഡിസംബര്‍ 18, 2006
അഞ്ചന്‍
കഴിഞ്ഞ തവണ സിംഗപ്പൂരില്‍ നിന്ന് നാട്ടില്‍ പോയപ്പോഴാണ് അഞ്ചനെ വീണ്ടും കാണുന്നത്.പതിവു പോലെ സന്ധ്യക്ക് കാച്ചിപീടികയിലെ ബെഞ്ചിന്മേല്‍ മണിക്കടലയും കൊറിച്ചോണ്ട് ഇരിക്കയായിരുന്നു.കൂടെ തൊട്ടടുത്ത വീട്ടിലെ കിട്ടാട്ടനും ഉണ്ടായിരുന്നുഠീരാറായ ദിനേശ് ബീഡി ചുണ്ടില്‍ എരിയുന്നുന്നോടൊപ്പം ഇടക്കിടെ നല്ലോണം ചുമക്കുന്നുമുണ്ടായിന്നു കിട്ടാട്ടന്‍. “ക്ഷയം ആണോ കിട്ടാട്ടാ ?” സൈക്കിള്‍ റിപ്പേറിങ്ങില്‍ മുഴുകിയിരിക്കയായിരുന്ന കാച്ചി ആരൊടെന്നില്ലാതെ പറഞ്ഞു. “കരിനാക്ക് കൊണ്ടൊന്നും പറയാതെന്റെ ബലാലെ”. ചുമച്ചാണെങ്കിലും കിട്ടാട്ടന്‍ അത്രയും പറഞ്ഞൊപ്പിച്ചു.
“അല്ലാ, ഇതാര് വി.കെ യോ ? ” തിരിഞ്ഞ് നോക്കിയപ്പോ അഞ്ചന്‍. വല്ല്യ മാറ്റമോക്കെ വന്നിരിക്കുന്നു.ഒരു ഫ്രെഞ്ച് താടിയെ ഓര്‍മ്മിക്കുന്ന വിധം കീഴ് താടിയില്‍ കുറച്ച് താടി രോമങ്ങള്‍, ചിരിച്ചപ്പൊ പഴയ കൊന്ത്രപല്ലിന്റെ സ്ഥാനത്ത് വെളുത്ത് മിനുങ്ങണ പുത്തന്‍ വെപ്പ് പല്ലുകള്‍.മൂടിയൊക്കെ പുറകോട്ട് പറ്റിച്ച് ഒരു ചെത്ത് സ്റ്റയിലില്‍ ചീകി ഒതുക്കി വച്ചിരിക്കുന്നു.ആകെ ഒരു കുട്ടപ്പനായപോലെ തൊന്നിയെനിക്ക്.
“നീയെപ്പൊ ലാന്‍ഡ് ചെയ്തത് ?” ചോദ്യം എന്നോടാണെങ്കിലും കാച്ചിയെ നോക്കിയായിരുന്നു അവന്‍ ചോദിച്ചത്.
“എടാ കാച്ചി ഒരു സ്ട്രോങ്ങ് നാരങ്ങ സോഡ” , “വി.കെ നിനക്ക് ഒന്ന് പറയട്ടെ ?”
എന്റെ ഉത്തരം കിട്ടുന്നതിന് മുന്നെ അവന്‍ രണ്ട് സോഡക്ക് പറഞ്ഞിരുന്നു.
നാരങ്ങ സോഡ കുടിച്ചു കൊണ്ടിരിക്കെ അഞ്ചന്‍ ഒരോന്ന് ചോദിച്ച് കൊണ്ടിരുന്നു.
“നീയിപ്പൊ ഗള്‍ഫിലല്ലെ ?”
സിംഗപ്പൂരിലാണെന്ന് പറഞ്ഞപ്പൊ ഉടനെ അടുത്ത ചോദ്യമായി.
“ഓ, അത് നമ്മുടെ നടുക്കണ്ടി പ്രേമാട്ടന്റെ അച്ഛന്‍ പോയ സ്ഥലമല്ലെ ?” (ഇപ്പറയണ ആള്‍ കുറെ കാലം മലേഷ്യയില്‍ ആയിരുന്നു, പക്ഷെ നാട്ടില്‍ അറിയപ്പെട്ടിരുന്നത് സിംഗപ്പൂര്‍കാരനെന്നാ.)
“എങ്ങിനെയാ സ്ഥലോക്കെ, നമ്മളെ കാര്യമൊക്കെ നടക്ക്വോ ?”
“ന്താ, വെള്ളമടിയാ ?”
“അതെല്ലാതെ പിന്നെന്ത്വാന്ന് ” അഞ്ചന്റെ വാക്കുകളില്‍ ഒരു ദൃഢത ഉണ്ടായിരുന്നു.
“ആ, ഇവിടത്തെ പോലെ കള്ളൊന്നും കിട്ടില്ല, ചുകന്നത് കിട്ടും”
“ടാ, ആടെ, റോട്ടില് തുപ്പിയാ ചന്തിക്ക് ചൂരലോണ്ട് കിട്ടൂന്ന് പറയണ നേരാണോ ?”
“ഉം, കിട്ടും”
“ന്നാ, അതാ നിന്റെ ചന്തി വണ്ണം വച്ച പോലെ” അതും പറഞ്ഞ് അവനൊരു ചിരിയായിരുന്നു.കാച്ചിയും കിട്ടാട്ടനും കൂടെ ചിരിയില്‍ പങ്ക് ചേര്‍ന്നു.
“അതൊക്കെ പോട്ടെ നമ്മളെന്നാ കൂടണ് ?”
“എപ്പൊ വേണമെങ്കിലുമാകാം”
“അപ്പോഴേക്കും സോഡാ തീര്‍ന്നിരുന്നു”
“വി.കെ പൈസാ ഞാന്‍ കൊടുക്ക്വാ കെട്ടൊ” അപ്പൊ അവന് കാശുകാരന്‍ അനന്തന്‍ വൈദ്യരുടെ ഭാവമായിരുന്നു.
“ന്നാ ശരി പിന്നെ കാണാന്ന് പറഞ്ഞ് അവന്‍ ഇരുളില്‍ മറഞ്ഞു
“അഞ്ചനെങ്ങിനെയാ, ഇങ്ങോട്ടൊക്കെ വരുവ്വ്വാ ?”. അഞ്ചനെ പറ്റി ചോദിച്ചപ്പൊ തടുത്ത് നിര്‍ത്തിയ മലവെള്ളം കെട്ടഴിച്ച് വിട്ടതുപോലെയായിരുന്നു വിവരണങ്ങള്‍.
“ബെരലുണ്ടോന്ന്വാ !, മട്ടക്കെ ബീഡി കമ്പനിയിലെ ഒരുത്തിയുമായി ലൈനാ, ബീഡി ചപ്പ് വാങ്ങാനും തെരച്ച ബീഡി കൊടുക്കാനും വരുമ്പൊ, അവളെയും തെളിച്ച് കൊണ്ട് ബെരലാ ഇപ്പൊ പണി, സംശ്യണ്ടെങ്കില് ഇഞ്ഞി കിട്ടാട്ടനോട് ചോയിക്ക്.” കാച്ചി കാര്യം സ്ഥിദീകരിക്കാന്‍ ഒരു ശ്രമം നടത്തി.
“പക്ഷെ ഓക്ക് അങ്ങിനേന്നുല്ല്യാന്നാ തൊന്നണ്, വണ്‍ വേയാ..!. പക്ഷെ അഞ്ചന്‍ പറേന്ന്, ഓള് കിസ്സ് ബരെ കൊടുത്തൂന്ന്വാ, ബെറും ബടായ്യാന്ന്, അല്ലേലും വി.കെ ക്ക് തോന്നുന്നുണ്ടാ അഞ്ചനാരെങ്കിലും കിസ്സ് കൊടുക്കൂന്ന് , ഇപ്പളത്തെ പെമ്പിളരാകുമ്പോ ഒന്നും പറയാം പറ്റൂല്ലാ, ഇരുപത്തൊന്നാം നൂറ്റാണ്ടല്ലെ അതും സംഭവിക്കാം !” ചോദ്യം ഉത്തരോം എല്ലാം പറഞ്ഞ് കാച്ചി നിര്‍ത്തി.
അപ്പോഴേക്കും പവര്‍ക്കട്ടിനുള്ള സമയം ആയിരുന്നു, കാച്ചി കടയടക്കാനായി എല്ലമെടുത്ത് വച്ച് ഷട്ടര്‍ താഴ്ത്തിണാളെ കാണാംന്ന് പറഞ്ഞു ഞാനും വീട്ടിലേക്ക് നടന്നു
വീട്ടിലേക്ക് വരുന്ന വഴി അഞ്ചനായിരുന്നു മനസ്സില്‍, പഴയ കളിക്കൂട്ടുകാരന്‍.അഞ്ചന്‍ രാജീവന്‍ എന്നയിരുന്നു പേര്.എന്നെക്കാളും രണ്ട് വയസ്സിന് മൂത്തതാണെങ്കിലും സ്ക്കൂളിലേക്ക് പോകുന്നതും വരുന്നതുമൊക്കെ ഒന്നിച്ചായിരുന്നു.അക്കാലത്ത് ഗോട്ടി കളിയില്‍ ഞങ്ങളെ വെല്ലാന്‍ നാട്ടിലാരുമുണ്ടായിരുന്നില്ല. മൂക്കിന് താഴെ നേര്‍ത്ത രോമങ്ങല്‍ കിളുര്‍ത്തപ്പൊ, ഗോട്ടി കളി നിര്‍ത്തി.അത് നമ്മുടെ സ്റ്റാറ്റസ്സിന് ചേര്‍ന്നതല്ലെന്ന് അഞ്ചന്‍ പറഞ്ഞു.പിന്നെ ഓല പന്ത് കളി മാത്രമായി.
രണ്ട് മാസത്തെ വേനലവധിക്കാണ് അഞ്ചന്റെ ബിസിനസ്സ് തുടങ്ങുക , പാര്‍ട്ട്നറായി ഈ ഞാനും.
‘ചന്ത വെയ്ക്കല്‍’ എന്നായിരുന്നു ഞങ്ങളതിനെ വിളിച്ചിരുന്നത്.സ്ക്കൂളടക്കുന്ന അന്ന് തന്നെ അതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കയായി.
“ടാ, നമ്മക്ക് നാളെ തന്നെ ചന്ത കേട്ടല് തൊടങ്ങണം” അഞ്ചന്റെ വാക്കുകളില്‍ ഒരു ബിസ്സിനസ്സുകാരന്റെ മുഴക്കം ഞാന്‍ കേട്ടിരുന്നു.വീടിന്റെ മതിലിനോട് ചേര്‍ന്ന് കിഴക്കുഭാഗത്തായി നല്ല സ്ഥലമുണ്ടായിരുന്നു.റോഡ് സൈഡായത് കൊണ്ട് നല്ല കച്ചോടോം കിട്ടൂന്നാ അഞ്ചന്റെ പക്ഷം.
ചന്ത കെട്ടല് ഒന്ന് രണ്ട് ദിവസത്തെ പണിയാ.കുഴി കുഴിക്കാനായി മട്ടക്കെ കൊപ്പര കച്ചോടം നടത്തുന്ന ദാമൂട്ടന്റെ കയ്യിന്ന് കമ്പിപ്പാര വാങ്ങണം.അങ്ങേര്‍ അഞ്ചന് കൊടുക്കൂല്ലാ, കിഴക്കേലെ ചെക്കനായത് കൊണ്ട് എനിക്ക് കിട്ടും.പിന്നെ തൂണായി കിഴങ്ങിന്റെ കൊള്ളികളായിരിക്കും.
“ടാ, വി.കെ നമ്മക്ക് ഇന്ന് തന്നെ തലക്കാണത്ത് പോവ്വണം.വൈക്കിട്ട് പോയാല്‍ മാഷ് വാഴക്ക് വെള്ളം കോരാ വന്നിട്ടുണ്ടാകും”.
മൂത്തച്ഛനായത് കൊണ്ട് ഞാന്‍ പോയാല്‍ സാധനം കിട്ടുമെന്ന് അഞ്ചന് നന്നായറിയാം.
നിറയെ വാഴയും തെങ്ങും നെല്ലും കവുങ്ങും കിഴങ്ങിന്‍ കൊള്ളികളും മറ്റുമുള്ള ഈ തലക്കാണത്ത് ഓണനാളിലാണ് പിന്നെ പോകാറ്.അത്തം തുടങ്ങുമ്പൊ തന്നെ അച്ഛമ്മയോട് പറഞ്ഞ് പൂക്കൊട്ട ഉണ്ടാക്കി , അവിടേക്ക് വരും.മിക്കവാറും അഞ്ചന്‍ തന്നെയായിരിക്കും കൂട്ടിന്‌ണെല്‍കണ്ടത്തിനരികെ നടപ്പാതക്ക് ചുറ്റും നിറയെ തുമ്പപ്പൂവുണ്ടാകും.ഇടക്കിടവിട്ട് വയലറ്റ് നിറത്തിലുള്ള കോഴിപ്പൂക്കളും കാണുംണെല്‍ക്കണ്ടത്തിന്റെ അരികിലുള്ള തുമ്പ പറിക്കാന്‍ എളുപ്പാമാണ്.പക്ഷെ നെല്‍ വരി പറിക്കാനാണ്‍ പണി.ആദ്യം കണ്ടത്തിനെ ആള് വരുന്നുണ്ടോന്ന് നോക്കണം.പിന്നെ കണ്ടം നിറയെ ചെളിയുമായിരിക്കും.ചിലപ്പൊ വരി പറിച്ച് നടൂല് എത്തുമ്പോഴാകും “അഞ്ചന്റെ വിളി, “ടാ ആരോ വരുന്നുണ്ട് മണങ്ങിക്ക്വോ” അപ്പൊ പിന്നെ ആടെ ഒറ്റ ഇരിപ്പാ.ശ്വാസം പിടിച്ച് അതിലെ പോണ ആളുടെ നിഴല്‍ മറയുന്ന വരെ.പിന്നെ കാലിലെ ചെളി കളയാന്‍ വാഴക്ക് വെള്ളം നനക്കാനായി കുഴിച്ച് കുളത്തിലോട്ട് പോകണം, എത്ര കഴുകിയാലും നെല്ലിന്റെ ചൊറിച്ചല്‍ തീരില്ല.
കിഴങ്ങിന്റെ കൊള്ളികളൊക്കെ തലേല് വച്ച് വീട്ടിലേക്ക് വരുന്ന വഴി പല സമയങ്ങളിലും അഞ്ചന്‍ ഒരു തികഞ്ഞ മാര്‍കിസ്റ്റ്കാരനാകും, പിന്നെ സിന്താബാദ് വിളികളാണ്.
“ഇങ്കിലാബ് സിന്താബാദ്, കാറല്‍ മാക്ക് സിന്താബാദ്, ചന്തവെക്കല് സിന്താബാദ് , കേങ്ങിന്‍ കൊള്ളി സിന്താബാദ്… “
അഞ്ചന്റെ വീട്ടിലുള്ളവരെല്ലാം മാര്‍കിസ്റ്റ്കാരയാത് കൊണ്ട് അവന്‍ തിരിഞ്ഞ് മറിഞ്ഞ് നൊക്കാതെ സിന്താബാദ് വിളിക്കും.
പക്ഷെ തികഞ്ഞ ഒരു കോണ്‍ഗ്രസ്സ്കാരനായ അച്ഛന്റെ പേര് കളയാതിരിക്കാന്‍ ചുറ്റും നോക്കി ,ആരും ഇല്ലെന്ന് കണ്ടാല്‍ അഞ്ചനോടൊപ്പം ഞാനും വിളിക്കും.
അങ്ങിനെ കേങ്ങിന്റെ കോള്ളിയെടുത്ത് സന്ധ്യവിളക്ക് വെക്കണ മുന്നെ വീട്ടിലെത്തെണം.വിളക്ക് വച്ച് എത്തിയാല്‍ അച്ഛമ്മയുടെ കയ്യില്‍ നിന്ന് നല്ലോണം ചീത്ത കിട്ടും.അച്ഛനറിഞ്ഞാല്‍ അടികിട്ടാനും മതി.
കൊള്ളിയൊക്കെ തലെല് വച്ച് വരുന്ന കാണുമ്പോ തന്നെ അച്ഛമ്മാ പറയാന്‍ തുടങ്ങും,”ഓ, ചന്തക്കാര് എത്തിയല്ലോ !, എനിയങ്ങോട്ട് രണ്ട് മാസം ചെവിട്ടിന് സ്വര്യം തരൂല്ലല്ലോ എന്റെ കാവിലമ്മെ !”.
അച്ഛമ്മ എന്തെങ്കിലും പറഞ്ഞാ അന്നേരം തര്‍ക്കുത്തരമൊന്നും പറയാതിരിക്കയാ നല്ലതെന്നറിയാം, കാരണം അഞ്ചന്റെ ബിസിനസ്സ് പാര്‍ട്ട്നര്‍ എന്ന പേരെയുള്ളു എനിക്ക്.പക്ഷെ ചന്ത നടത്താന്‍ കാശിന് അച്ഛമ്മ തന്നെ ശരണം.അച്ഛമ്മയുടെ എണ്ണിചുട്ടപ്പ, പോലെയുള്ള പെന്‍ഷനില്‍ നിന്ന് ഒരു തുക എല്ലാ കൊല്ലവും ഇതിനായി കിട്ടാറുണ്ട്.അച്ഛനോട് ഈ കാരണം പറഞ്ഞ് കാശ് ചോദിച്ചാല്‍ കാര്യമില്ലെന്നറിയാം, അതുകൊണ്ട് ആ വഴി പോകാറില്ല.
അഞ്ചന് അവന്റെ അച്ഛന്റെ ബീഡി തെരച്ച കാശില്‍ നിന്ന് ഒരു തുക കിട്ടും.ചന്ത വിറ്റ് കാശ് കിട്ടിയാല്‍ തിരിച്ച് തരുമെന്ന വ്യവസ്ഥയില്‍.
അച്ഛമ്മയൊട് മടഞ്ഞ ഓലയും വാങ്ങി, കേങ്ങിന്‍ കൊള്ളിയും വച്ച് ഞങ്ങള്‍ ചന്ത കെട്ടും. അപ്പോഴേക്കും സഹായിക്കാന്‍ പിള്ളേരും എത്തും.പക്ഷെ അഞ്ചന്‍ ആരെയും അടുപ്പിക്കില്ല.
കൂത്തുപറമ്പില്‍ പോയി അണ്ണാച്ചി കടയില്‍ നിന്ന് അഞ്ചന്‍ തന്നെ സാധാനങ്ങളൊക്കെ വാങ്ങും.ജീരക മുട്ടായി, വെല്ലമുട്ടായി, നാരങ്ങ മുട്ടായി,അരിമുറുക്ക്,തൊണ്ടക്കുഴല്‍,മണിക്കടല മുതലായവ വാങ്ങിക്കും.വല്ല്യ ഹോര്‍ലിക്സ്സിന്റെ കുപ്പിയിലാണ് മുട്ടായികള്‍ ഇടുക, അഞ്ച്,പത്ത്,ഇരുപത് പൈസ എന്നൊക്കെ എഴുതി കുപ്പിയുടെ പുറത്ത് ഒട്ടിക്കും. ഉദ്ഘാടന ദിവസം ചന്ത മുഴുവന്‍ കൊന്നയും ചെമ്പരത്തിയും കൊണ്ട് അലങ്കരിക്കും.ചെറിയൊരു കുപ്പിയില്‍ വിളക്ക് കത്തിച്ച് അഞ്ചന്‍ ചന്ത ഉദ്ഘാടനം ചെയ്യും
റോട്ടിലൂടെ പോകുന്ന ആളെ ആകര്‍ഷിക്കാന്‍ അഞ്ചന്‍ പല നമ്പറും ഉണ്ട്.പിള്ളാരെ മാത്രം കണ്ടാല്‍ അഞ്ചന്‍ നമ്പറൊന്ന് മാറ്റും,
“മക്കളെ, മിടായി കിട്ടാന്‍ കാശ് തന്നെ വേണോന്നില്ല്യാ, കശ്വാണ്ടി കോണ്ടോന്നാലും മതി !”
നാട്ടിലെ ഏതൊക്കെ കശുമാവിലാണ് ആദ്യം അണ്ടിയുണ്ടാവുകയെന്നൊക്കെ അഞ്ചന് നന്നായറിയാം.
ചന്തക്ക് ചുറ്റും കൂടി നില്‍ക്കുന്ന പിള്ളാരെ നോക്കി അഞ്ചന്‍ പറയും “ടാ, മമ്മാലി ലീലേടെ വീട്ടിന്റെ സൈഡിലുള്ള തമ്പുരാന്‍ പറമ്പില്‍ ഇപ്പൊ പോയാ കുറെ അണ്ടി കിട്ടും,വേഗം പോയി പെറുക്കീട്ട് വാ”
അഞ്ചന്‍ പറയുമ്പോ തന്നെ പിള്ളാര് ഓട്ടം തുടങ്ങും.
“മക്കളെ തമ്പുരാന്‍ കാണാതെ പെറുക്കണേ…” ഓടുന്ന പിള്ളാരോടായി അഞ്ചന്‍ ഒച്ചത്തിന്‍ വിളിച്ച് കൂവും.
പിള്ളാര് ഓടി പോയി അഞ്ചും പത്തുമായി വരും, അഞ്ചനത് ഉള്ളംകയ്യിലിട്ട് ഒന്ന് തൂക്കും എന്നിട്ട് പറയും “ടാ, വി.കെ ഒരു ഇരുപത് പൈസായുടെ നാരങ്ങ മുടായി കൊട്”
.പക്ഷെ ചില വിരുതന്മാര്‍ അഞ്ചനോട് തര്‍ക്കിക്കാന്‍ വരും. “അല്ലപ്പാ, ഇത് അമ്പത് പൈസാന്റെയുണ്ടല്ലോ ?”
പക്ഷെ അവരെ ഇരുത്താനുള്ള സൂത്രമൊക്കെ അഞ്ചനറിയാം “ടാ മോനെ, ഇപ്പൊ ഇതിനൊന്നും പണ്ടത്തെപ്പോലെ വില കിട്ടനില്ലാ, ഇത് തന്നെ എനിക്ക് ചിലപ്പൊ നഷ്ടകച്ചോടം ആയിരിക്കും, പിന്നെ നീ ബാലാട്ടന്റെ മോനായത് കൊണ്ട് ഇരുപത് പൈസ തര്‍ന്ന്.” അച്ഛനേയും മകനേയും ഒന്നിച്ച് പൊക്കി പറഞ്ഞപ്പോ അവന്‍ മിണ്ടാതെ കിട്ടിയ മുട്ടായി വാങ്ങി പോകും.
പിന്നെ കച്ചവടത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത് വിഷുവിന് രണ്ട് മൂന്നാഴ്ച മുന്നെയാണ്.അത് വരെ മുട്ടായി വിറ്റ കാശുമായി അഞ്ചന്‍ കൊടുവള്ളിക്ക് പോകും.കൂത്തുപറമ്പില്‍ പോയി പടക്കം വാങ്ങി വിറ്റാല്‍ ഞമ്മക്ക് വല്ല്യ ലാഭൊന്നും കിട്ടില്ലന്നാ അഞ്ചന്റെ അഭിപ്രായം.കൊടുവള്ളീന്നാണെങ്കില് ശിവകാശിന്ന് നേരെ വരണ പടക്കങ്ങളായിരിക്കും , അപ്പൊ അത് കമ്പനി വിലക്ക് തന്നെ കിട്ടും.
“ആ അത് ശരിയാ കുഞ്ഞിമാതേടത്തിടെ പുരുഷാട്ടനു ഇത് തന്നെ പറയുന്നുണ്ടായിരുന്നു” അഞ്ചനെ പിന്താങ്ങി കൊണ്ട് ഞാനും കൂടി പറഞ്ഞു.
കത്തുന്ന പടക്കങ്ങളൊന്നും കൂടുതല്‍ വാങ്ങില്ല, പൊട്ടുന്നതിലാണ് കൂടുതല്‍ ലാഭം കിട്ടുക എന്നാണ് അഞ്ചന്റെ പക്ഷം.മാലപടക്കം, പച്ചകെട്ട്,കുരുവി,ഗുണ്ട് മുതലായവയാണ് അഞ്ചന്റെ പ്രിയപ്പെട്ട ഇനങ്ങള്‍.
പടക്കങ്ങളൊക്കെ വാങ്ങി വന്നാല്‍ രണ്ട് മൂന്ന് ഒച്ച കൂടിയ ഇനങ്ങള്‍ കയ്യി തന്ന് അഞ്ചന്‍ പറയും “നീ തന്നെ സാമ്പിള് പൊട്ടിച്ച് ഉദ്ഘാടനം നടത്ത്”
പിന്നെ പത്ത് പൈസ വച്ച് ബോര്‍ഡ് കളി നടത്തും, വിജയിക്കുന്ന ആള്‍ക്ക് അഞ്ചന്‍ ഒച്ച കൂടിയ ഗുണ്ട് കൊടുക്കും,
പടക്കങ്ങള്‍ വാങ്ങി പോകുന്ന പിള്ളാരോട് ചിലപ്പൊ അഞ്ചന്‍ പറയും “രണ്ട് മൂന്നെണ്ണം എവിടെ വച്ച് തന്നെ പൊട്ടിക്കടാ, വീട്ടിപ്പോയാലും ഇതേ ഒച്ച തന്നെയല്ലെ കേള്‍ക്കെണ്ടത് ?” ഒന്ന് രണ്ട് ആലോചിച്ച് പിള്ളാര് അവിടെ നിന്ന് തന്നെ പൊട്ടിക്കും.ചിലപ്പൊ പൊട്ടാതെ പോകുന്നതിന് പകരം കമ്പനി വകയെന്ന് പറഞ്ഞ് കൊടുക്കും.ഒക്കെ അഞ്ചന് തോന്നണം. ചിലപ്പൊ ഉച്ചക്ക് ഊണും കഴിഞ്ഞ് ഒരു നാരങ്ങ മുട്ടായിയെടുത്ത് തിന്നും.ഒരെണ്ണം എനിക്കും തന്ന് പറയും” ങാ, നീയും ഒന്നങ്ങോട്ടടി”
വിഷുവിന് തലേന്നാകുന്നതോടെ കച്ചവടം മുറുകും.വായനശാലക്ക് മുന്നിലെ കൊന്ന നിറയെ പൂത്തുലഞ്ഞിട്ടുണ്ടാകും.കൊന്നപ്പൂക്കള്‍ കൊമ്പോടെ അടര്‍ത്തിയെടുത്ത് പടക്കം വാങ്ങുമ്പോ കിട്ടിയ എം.ജി.ആറിന്റേയും ജയന്റേയും ഫോട്ടോകള്‍ക്ക് ചുറ്റും അലങ്കരിക്കും.
മിക്കവാറും പടക്കങ്ങളൊക്കെ വിഷുവിന് തലേന്നാകുന്നതോടെ തീരും.
പിറ്റേന്ന് വിഷുവിന്റെ ഊണും കഴിഞ്ഞ് കിട്ടിയ ലാഭവുമെടുത്ത് ഷെയിലാ ടാക്കീസില്‍ ജയന്റെ ഇടി പടം കാണാന്‍ പോകും. സാധാരണ തറയില്‍ ഇരുന്ന് കാണുന്നതിന് പകരം ബാല്‍ക്കണി ടിക്കറ്റ് എടുക്കും.ചുമ്മാ ഒച്ചയൊക്കെയുടുത്ത് അഞ്ചന്‍ ഞാന്‍ ബാല്‍ക്കണി സീറ്റിലാണെന്ന് നാട്ടുകാരെ മുഴുവന്‍ അറിയിക്കും.കൂടെയിരിക്കുന്ന കാശുകാരോടൊക്കെ വല്യ ലോഹ്യത്തില്‍ സംസാരിക്കും.മുന്നില്‍ എഴുന്നേറ്റ് നടക്കുന്നവരോട് തെറി പറയും.
ഞാനാകട്ടെ പരിചയമുള്ള ആരെയെങ്കിലും കാണാതിരിക്കാന്‍ പാത്തും പതുങ്ങിയും ഇരിക്കും.പടം കഴിഞ്ഞ് നേരെ ഞങ്ങള്‍ ബേബി കൂള്‍ബാറില്‍ പോയി രണ്ട് ഫാലൂദ വാങ്ങി കഴിക്കും.പിന്നെ ഫുട്ബോള്‍ ഗ്രൌണ്ടിലൂടെ കറങ്ങി അതിനടുത്തുള്ള തട്ട് കടയില്‍ പോയി പുട്ടും കല്ലുമ്മക്കായ പൊരിച്ചതും കൂടെ കോഴിക്കാലും അടിക്കുംഠിരിച്ച് ബസ്സിലൊന്നും കയറാതെ ഒരു ഓട്ടോ പിടിച്ച് വീട്ടിലോട്ട് വരും.അങ്ങിനെ വിഷു കഴിയുന്നതോടെ ചന്ത വിറ്റ് കിട്ടിയ കശൊക്കെ കാലിയാകും.
ഈ ചന്തവയ്ക്കലിങ്ങനെ വര്‍ഷങ്ങളോളം മുടങ്ങാതെ നടന്നു.ഒന്‍പതാം ക്ലാസ്സിലെത്തിയപ്പോഴാണ് അതിനൊരു മുടക്കം വന്നത്.സ്ക്കൂളടച്ച് പതിവു പോലെ ചന്തയൊക്കെകെട്ടി വിശ്രമിക്കയായിരുന്നു ഞങ്ങള്.
“അഞ്ചാ നമുക്ക് ആട്ട കളിക്കാ ? ” അവന്റെ ഉത്തരം കേള്‍ക്കുന്നതിന് മുന്നെ ഞാന്‍ പോയി ഒല പന്ത് എടുത്തു വന്നു.
“ഒ, എനിക്ക് വയ്യടാ, നമുക്ക് വേണെകില് ഗോട്ടി കളിക്കാം”
“നീ ആട്ട കളിക്കനുണ്ടോ ഇല്ലയോ ?”
“ഞാനില്ല” അഞ്ചന്‍ താല്‍പ്പര്യമില്ലാതെ പറഞ്ഞു
“എന്നാ ഞാന്‍ ചന്ത വയ്ക്കാനുമില്ല”
“നീയില്ലെങ്കി, ഞാനൊറ്റക്ക് നടത്തും” അഞ്ചനും വാശിയായി.
അപ്പൊ പിന്നെ എനിക്ക് ഉത്തരം മുട്ടി, പക്ഷെ തോറ്റ് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല
“ന്നാ, കെട്ടിയ ചന്ത ഞാന്‍ പൊളിക്കും”
“എന്നാലതൊന്ന് കാണാണല്ലോ ? “
വാശി കയറിയ ഞാന്‍ ചന്ത കെട്ടിയ തൂണും ഓലയുമെല്ലാം വലിച്ച് പൊട്ടിച്ചു താഴെയിട്ടുഠടുക്കാന്‍ വന്ന അഞ്ചനുമായി ഉന്തും തള്ളുമായി.ഒച്ച കേട്ട് അച്ഛമ്മയും അമ്മയും വന്നു.അപ്പോഴേക്കും രണ്ട് മൂന്ന് ദിവസം പാട്പെട്ട് കെട്ടിയ ചന്ത ഒരു സൈഡിലേക്ക് ചരിഞ്ഞ് വീണിരുന്നു.മേലാസകലം മണ്ണ് പുരണ്ടിരുന്ന ഞങ്ങളെ രണ്ട് പേരയും അവര്‍ പിടിച്ച് മാറ്റി.
“അഞ്ചാ , നീ വീട്ടി പോയാട്ടെ, ചന്തേം വേണ്ട ഒരു കുന്തോം വേണ്ട” അഞ്ചനോടായി അച്ഛമ്മ പറഞ്ഞു.അമ്മ ഓലയും കോള്ളിയുമൊക്കെ എടുത്ത് പറമ്പിലിട്ടു.ഒഴിഞ്ഞ് കിടക്കുന്ന ചന്തയുടെ സ്ഥലം കണ്ടപ്പോ എനിക്ക് നേരിയ കുറ്റബോധം തോന്നി..
വിഷുവിന്റെ അന്ന് വരെ അഞ്ചനോട് മിണ്ടാതെ നിന്നു.വിഷുവായന്ന് പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഇളയച്ഛന്‍ വിളിച്ചുകൊണ്ടു വന്നുണ്‍ജങ്ങളൊരുമിച്ച് പടക്കങ്ങളൊക്കെ പൊട്ടിച്ചു.അച്ഛന്റെ കയ്യിന്ന് വിഷുകൈനീട്ടവും കിട്ടി.പതിവു പോലെ സിനിമ കാണാനും പോയി.
പിന്നെ ഒന്ന് രണ്ട് പുസ്തകങ്ങളൊക്കെ തോളത്ത് ഇറുക്കി നടക്കുന്ന സമയം വന്നു, അഞ്ചനാകട്ടെ, പത്താം ക്ലാസ്സൊക്കെ തൊറ്റ്, പിന്നെയേതൊ പാരലല്‍ കോളേജില്‍ ചേര്‍ന്നു.കുറെ കഴിഞ്ഞ് അതു മതിയാക്കി ബീഡി തുരുപ്പിന് പോയി.അപ്പോഴേക്കും കൊടിപിടിക്കുന്ന ഒരു വിപ്ലകാരിയായിമാറിയിരുന്നു.ഒരു ചുകന്ന രാഷ്ട്രീയത്തിന്റെ
വാഹകനായി….
മാര്‍ച്ച് 2001
1 comment മേയ് 25, 2006
ആരാണവള്‍ ?
ആരാണവള്‍ ?
ക്ലാവുപിടിച്ചൊരേടിന്‍ ദീപ്തമോ
മിഴിതുറന്ന സന്ധ്യയുടെ തെളിമയോ
പുതുമഴയുടെ കന്നിഗന്ധമോ
ഒരമൂര്‍ത്തരൂപത്തിന്‍ ഭാവമോ
തിരയൊഴിഞ്ഞ തീരത്തിന്‍ മൌനമോ
ആരാണവള്‍ ?
വിടപറയും സന്ധ്യയില്‍-
തെളിഞ്ഞ കളിവിളക്കോ
അകന്നു പോകുമൊരുഷസ്സിന്‍
തേനുമായ് വന്ന സൌന്ദര്യമോ
പെയ്തൊഴിഞ്ഞ മഴയില്‍ വന്ന
വിറങ്ങലിച്ച കന്യകയോ
തളിര്‍ത്തൊരു സ്വപ്നമോ
ആരാണവള്‍ ?
നേരറിയുമെന്നമ്മയുടെ-
മുന്നില്‍ ചിരിതൂകിയ ബാല്യമോ
പിടിയയഞ്ഞ തന്ത്രികളില്‍
ശക്തിപകര്‍ന്ന ദേവിയോ
ഇടനെഞ്ചിലുയര്‍ന്ന വേദന
തളിരിളം വിരലാല്‍ തഴുകിയവളോ
ആരാണവള്‍ ?
എപ്പോഴുമെന്‍ മുന്നില്‍ തെളിയുന്ന
ചിത്രത്തിലൊരു ചോദ്യമാകാതെ
അറിയാതെ വരുമൊരു കാറ്റി-
ലിളകുമൊരു പൂമൊട്ടാകാതെ
നെഞ്ചോടു ചേര്‍ത്തുപിടിച്ചെ-
ങ്കിലെന്നു വെറുതെ നിനച്ചു ഞാന്‍
മാര്‍ച്ച് 99
4 comments മാര്‍ച്ച് 2, 2006
ചക്കപ്പായസം
മഴ.
“തുള്ളിക്കൊരു കുടം പേമാരി” എന്ന പോലെ തിമര്‍ത്തുപെയ്യുകയാണ് മഴ.
വേനലില്‍ വരണ്ട ഭൂമിക്ക് പുളകം.വിറങ്ങലിച്ച കന്യകയെ പോലെ ഭൂമി തണുത്ത് വിറങ്ങലിച്ച് നില്‍ക്കുന്നു.എന്നും മഴയെ സ്നേഹിച്ചിരുന്ന എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദം.വേനലവധി കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുകയാണെന്ന ദുഖം മഴയില്‍ ഒലിച്ചു പോകുന്ന പോലെ തൊന്നി.കോലായിലെ തിണ്ണമേല്‍ കൂനി കൂടിയിരുന്ന് ഇറ്റ് വീഴുന്ന മഴയുടെ സംഗീതം കാതോര്‍ത്തിരുന്നു.ഇടയ്ക്ക് മഴ കുറയുമ്പോ ചെറുകിളികള്‍ ചെമ്പരത്തിയുടെ ഇലക്ക് കീഴെ വന്നിരുന്ന് തൂവല്‍ കുടയുന്നു.മഴ പിന്നെയും ആര്‍ത്തിരമ്പി വരുമ്പോ അവയൊക്കെ എങ്ങോട്ടോ ഓടി മറയുന്നു.
“ടാ, സ്ക്കൂള് തുറക്കുമ്പോ തന്നെ പനിയും മറ്റും ബര്‍ത്തിക്ക്വാ, മഴച്ചാറല് കൊള്ളാതെ അകത്ത് പോയിരിക്കടാ…” അച്ഛമ്മയുടെ താക്കീത് കേള്‍ക്കാതെ പിന്നെയും അവിടെ തന്നെയിരുന്നു.
മുറ്റത്തെ ചെമ്പരത്തിയുടെ മഞ്ഞയിലകള്‍ മഴത്തുള്ളിയുടെ ഭാരം താങ്ങാനാവാതെ വിട പറഞ്ഞിറങ്ങുന്നു.ചെടിച്ചട്ടിയിലെ ചുകന്ന പനനീര്‍പ്പൂവ് ഇതള് കൊഴിച്ച് വിധവയായിരിക്കുന്നു.മട്ടക്കെ ദാമൂട്ടന്റെ പട്ടി മുറ്റത്തൂടെ ചെളി തെറിപ്പിച്ച് ഓടിപ്പോയി. ഇടക്ക് വീശുന്ന കാറ്റില്‍ മഴത്തുള്ളികള്‍ എന്റെ കാല്‍പ്പാദങ്ങളെ നനക്കുന്നു.പുറക് വശത്തെ തെങ്ങില്‍ നിന്നും ഉണങ്ങിയ ഓല ശബ്തത്തോടെ താഴോട്ട് പതിച്ചു.മഴ പിന്നെയും കനത്തു.
“ല്ലാ, ടെ ആരൂല്യേ ? ” ചെട്ട്യാമ്പീട്ടിലെ ചാത്ത്വാട്ടന്‍.
ഒച്ച കേട്ട് അമ്മയും അച്ഛമ്മയും ഇറയത്തേക്ക് വന്നു.
“ഒരുത്തനല്ലപ്പാ ആ ഇരുത്തീമ്മ തന്നെയിരിക്കുന്നെ, യിന്നോടല്ലെ അച്ഛമ്മ ആത്ത് പോയിരിക്കാന്‍ പറഞ്ഞെ ? ല്ലാരും ബ്‌റച്ചിരിക്കുമ്പാ ഒരുത്തന്‍ ചാറലും കൊണ്ടിരിക്കുന്നെ” എന്നെ ചൂണ്ടിക്കാണിച്ചോണ്ട് അമ്മ പറഞ്ഞു.
“ഇങ്ങക്ക് കരണ്ടുണ്ടാ ? , കാറ്റ് അടിക്കാന്‍ തുടങ്ങിയപ്പൊ തന്നെ ഞമ്മളെ കരണ്ട് പോയി” ചാത്ത്വാട്ടന്‍ നാട്ട് വിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങി.
“വല്ല കൊമ്പോ മറ്റോ വീണിട്ടായിരിക്കും” അച്ഛമ്മ തന്റെ പതിവ് കാരണം നിരത്തി.
“ആപ്പാ, അങ്ങട്ടേലെ കുഞ്ഞാണാട്ടന്റെ മാങ്കൊമ്പ് പൊട്ടിവീണതാ, അന്നെ ഞാനോറൊട് പറഞ്ഞതാ…” ഒരു സ്വകാര്യം പറയണ പോലെ പറഞ്ഞു.
“കുളത്തില് വെള്ളം കേറിയോ ചാത്ത്വാട്ടാ ?”
“ങാ, കേറി വരുന്നു”
“ഞ്ഞീ, ഇതും നോക്കി നിന്നാ മതി, സ്ക്കൂള് തുറക്കുമ്പോ പഠിക്ക്യന്നും വേണ്ടാ” അമ്മയുടെ പതിവ് താക്കീത് പിന്നേം.
സ്ക്കൂള് തുറന്ന് രണ്ട് മൂന്ന് ദിവസം കഴിയുമ്പോഴേക്കും കുളം നിറഞ്ഞൊഴുകി. വിവരമറിയിച്ച് കൊണ്ട് അങ്ങട്ടേലെ ബാലാട്ടന്റെ ബാബു ഓടിയെത്തി.
“ടാ, വി.കെ കോളമോഴുകിയെടാ, നീ തൊര്‍ത്തെടുത്തിട്ട് വേഗം വാ” . സ്ക്കൂള് വിട്ട് വരുന്ന വഴിയാണ് ബാബുവിന്റെ പ്രഖ്യാപനം.
“അമ്മേ , കുളമൊഴുകി ഞാന്‍ കുളിക്കാന്‍ പോണു.”
“ന്നാ ചായ കുടിച്ചിട്ട് പോയിക്കോ”
ചായ കുടിച്ചെന്ന് വരുത്തിയ ശേഷം തൊര്‍ത്തുമെടുത്ത് ഒരോട്ടമായി.സ്ക്കൂളില്‍ രാധ ടീച്ചര്‍ ഹിന്ദി പഠിപ്പിക്കുമ്പോഴും മനസ്സ് കുളത്തിലായിരുന്നു.ഇന്നലെ ഒരു പട കൂടി മാത്രമെ കയറാന്‍ ഉണ്ടായിരുന്നുള്ളു.പുറത്ത് മഴ തിമര്‍ത്ത് പെയ്യുമ്പോഴെ ഒറപ്പിച്ചിരുന്നു ഇന്ന് കുളമൊഴുകുമെന്ന്.അതുപോലെ തന്നെ സംഭവിച്ചു.മുത്തപ്പന് പ്രണാമം !
പഴയകാലത്തെ സാമൂഹ്യപ്രവര്‍ത്തകനായ പനക്കാടന്‍ എന്ന നല്ല മനുഷ്യന്‍ പണിതതായിരുന്നു നിറയെ കല്‍പ്പടവുകളുള്ള ഈ നീന്തല്‍ക്കുളം.അടിത്തട്ട്‌വരെ കല്‍പ്പടവുകളുള്ള ഈ കുളത്തില്‍ കൊച്ച് കൊച്ച് മീനുകളുമുണ്ടായിരുന്നു.മഴവരുന്നതിന്ന് മുന്നിലുള്ള ഒരു വേനലില്‍ നാട്ട്കാരൊക്കെ കൂടിച്ചേര്‍ന്ന് കുളം വൃത്തിയാക്കുമായിരുന്നു.അതിനോടടുത്ത് അദ്ദേഹം തന്നെ പണിത കെട്ടിടം പനക്കാടന്‍ സ്മാരക വായനശാലയായി നിലകൊള്ളുന്നു.കീശ വീര്‍പ്പിക്കാനായി ഭരണം കയ്യാളുന്ന ഇപ്പോഴത്തെ നേതാക്കന്മാര്‍ക്ക് ഒരപവാദമായി അദ്ദേഹം ഇന്നും നാട്ടിലെ പഴയ തലമുറയില്‍ നിലകൊള്ളുന്നു.
കുളക്കടവിന് അടുത്തുള്ള ബാലവാടിയുടെ ജനലഴികളില്‍ ഷര്‍ട്ടും ട്രൌസറും അഴിച്ച് തോര്‍ത്ത് ചുറ്റി. ഒറ്റച്ചാടലായി കുളത്തിലേക്ക്.കുളമൊഴുകിയത് കൂടുതലാരും അറിഞ്ഞിലെന്ന് തോന്നുന്നു.കുളത്തില്‍ ആളുകള്‍ നന്നെ കുറവായിരുന്നു.ഇരുട്ട്‌വീഴണ വരെ നീന്തിക്കുളിച്ചു.
“ടാ, വിളക്ക് വെയ്ക്കാറായെന്ന് തോന്നുന്നു,” ഞമ്മക്ക് കേരാ ?”
ബാബു പറഞ്ഞപ്പോഴാണ് സമയത്തെക്കുറിച്ച് ബോധം വന്നത്.പിന്നെ തല തോര്‍ത്തലും കുപ്പായം മാറലുമൊക്കെ സെകന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു.സന്ധ്യവിളക്ക് വെക്കണതിന് മുന്നെ എത്താന്‍ വേണ്ടി പിന്നെയൊരോട്ടമായിരുന്നു.
നനഞ്ഞ തോര്‍ത്ത് അയയില്‍ കുടഞ്ഞിട്ട് തിരിയുമ്പോ പുറകില്‍ അച്ഛമ്മ “തലേമ്മന്നല്ലപ്പാ വെള്ളം വീഴുന്നെ, ഇങ്ങോട്ട് വന്നാട്ടെ”.
ഉണങ്ങിയ തൊര്‍ത്തെടുത്ത് അച്ഛമ്മ തലതോര്‍ത്തികൊണ്ടിരുന്നപ്പൊ അച്ഛമ്മ പറഞ്ഞു “ടാ, അടുക്കളയില്‍ പായസം വെളമ്പി വച്ചിട്ടുണ്ട്, ചൂടാറും മുമ്പെ
പോയി കുടിച്ചോ “
“അച്ഛമ്മെ ചക്കപ്പായസാ ?”
മണിക്കൂറുകളോളം കുളത്തില്‍ കുളിച്ചതിന്റേയും സ്ക്കൂളിനടുത്തെ അച്ച്വാട്ടന്റെ ജയ്ഹിന്ദ് ഹോട്ടലില്‍ നിന്ന് പിള്ളാര്‍ക്കുള്ള ഒരൂണ് ഉച്ചയായപ്പൊ കഴിച്ചതിനാലും നല്ല വിശപ്പായിരുന്നു.അടുക്കളെ ചെന്നപ്പൊ ആവി പറക്കണ ചക്കപ്പയസം.
“ദ് രാ ചക്കപറിച്ചെ ? “
“ചാല്ല്യന്‍ വീട്ടിലെ മാതു റോഡ് സൈഡിലുള്ള പിലാവിമ്മെന്ന് വീണടക്ക്ന്ന് എടുത്തോണ്ട് തന്നതാ.”
മാത്വാടത്തിയേയും അപ്പൊ വീഴാന്‍ തോന്നിയ ചക്കയേയും മസസ്സില്‍ നന്ദി പറഞ്ഞ് പായസം കുടിച്ചു തുടങ്ങി.പഞ്ചസാരയൊന്നും അച്ഛമ്മ പായസത്തിലിടില്ല, പകരം വെല്ലമാണിടുക.കൂടെ നല്ല മണമുള്ള ഏലക്കായും ഇടും. എല്ലാം കൂടി ഒരു പ്രത്യേക രുചിയാണ് പായസത്തിന്.വയറ് പൊട്ടണ വരെ കുടിക്കും.
“റോഡ് സൈഡിലെ വരിക്കപ്പിലാവിമ്മെ കുറെ ചക്ക പഴുക്കാറയിട്ടുണ്ട്, ആനകൊട്ടനോ ബാലഷ്ണനോ പൊവുമ്പോ വിളിച്ച് പറപ്പിക്കാം”. പായസം കുടിച്ചൊഴിഞ്ഞ എന്റെ മുന്നിലെ കിണ്ണമെടുത്തോണ്ട് പോവുമ്പോ അച്ഛമ്മ അടുത്ത പായസത്തിന്റെ വഴി ഒരുക്കുകയായിരുന്നു.
“ഞാന്‍ കേറി പറിക്കാമച്ഛമ്മേ…, മിറ്റത്തെ കുറുക്കന്‍ മാങ്ങയെല്ലാം ഞാനല്ലെ പറിച്ചത് ?” ഒരു മരപ്പറ്റുള്ള ആളാണ് ഞാനെന്ന് വാദിക്കാന്‍ നോക്കി.
“മാങ്ങേം അണ്ടിയും പറിക്കണ പോലെയല്ല ചക്ക പറിക്കണ്, കഴിഞ്ഞ കൊല്ലം അഞ്ചന്‍ രാജീവന്‍ ചക്ക പറിച്ചതോര്‍മ്മയുണ്ടല്ലോ ? ” അതോടെ എനിക്ക് ഉത്തരം മുട്ടി.
കഴിഞ്ഞകൊല്ലം വല്ല്യ കാര്യത്തില് ചക്ക പറിക്കാനെന്നും പറഞ്ഞ് അഞ്ചന്‍ പിലാവിമ്മെ വലിഞ്ഞ് കേറി.മുകളിലെത്തിയപ്പൊ പിലാവിന്റെ കൊമ്പ് പിടക്കണതിന് പകരം ചക്കയുടെ കൂഞ്ഞിന് പിടിച്ചു.അഞ്ചനും കൂടെ പടലോടെ ചക്കളും താഴോട്ട് വീണു.മുഖമടച്ചുള്ള വീഴ്ചയില്‍ മുന്‍ വരിയിലെ പല്ലുകളിലൊരെണ്ണം പാതി പൊട്ടി മറ്റൊന്ന് ചെറുതായി തിരിഞ്ഞ് നിന്നു.അതോടെ അഞ്ചന് കൊന്ത്രപ്പല്ലായി.പിന്നെ നാട്ടിലൊക്കെ അഞ്ചന്‍ ചക്ക പറിച്ചപോലെ എന്ന ചൊല്ലുമുണ്ടായി.പിന്നെ നാട്ടിലെ പിള്ളാരൊക്കെ അഞ്ചനെ കാണുമ്പോ “കൊന്ത്രപ്പല്ലിമ്മെ പന്തല് കെട്ടി…” എന്ന് പാടാനും തുടങ്ങി.
മഴ പിന്നെയും കനത്തു.കിണറ്റിലെ വെള്ളം മുറ്റത്തിന് സമമായി നിറഞ്ഞു വന്നു.ചേതിയുടെ അരികില്‍ മണ്ണിട്ട് നട്ട് വളര്‍ത്തിയ കളര്‍ച്ചെടികള്‍ ഒടിഞ്ഞു വീണു.വേരോടെ മണ്ണ് കുത്തിയൊലിച്ച് പോയി.പൂച്ചേട്ടിയിലെ പനനീരും ഓര്‍ക്കിഡും കോലായിലെ തിണ്ണമേല്‍ സ്ഥാനം പിടിച്ചു.അവ തൊടിയിലെ തുമ്പയേയും ചെമ്പരത്തിയേയും നോക്കി പൊമേറിയന്‍ പട്ടിയെ പോലെ ചിരിച്ചു.
മഴ തോരാത്തിനാം നീന്തല്‍ മുടങ്ങിക്കിടന്നു.അന്നേരം “ഈ മുടിഞ്ഞ മഴ..!” എന്ന് അച്ഛമ്മ പറയുന്ന പോലെ പറയാന്‍ എന്തൊ തൊന്നിയില്ല.പകരം സ്ക്കൂള്‍ വിടുന്ന വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മഴ പെയ്യിക്കരുതെയെന്ന് പറശ്ശിനിക്കടവ് മുത്തപ്പനോട് പറഞ്ഞു.പകരം രാത്രി പുലരുവോളം പെയ്യ്തൂടെയെന്ന് മുത്തപ്പനോട് വെറുതെ ചോദിച്ചു.മനമുരുകി പറഞ്ഞാല്‍ മുത്തപ്പന്‍ കേള്‍ക്കുമെന്ന് അച്ഛമ്മ പലപ്പൊഴും പറയുന്നത് കെട്ടിട്ടുണ്ട്.
പിന്നെയുള്ള ദിവസങ്ങളിലും മഴ നിന്നും പിന്നെ പെയ്തും കൊണ്ടിരുന്നു.വീട്ട് മുറ്റത്തെ മുല്ലകള്‍ നിറയെ പൂത്തുലഞ്ഞു.കോലായിലും വീട്ട് മുറ്റത്തും മുല്ലയുടെ സുഗന്ധം പരന്നു.മുല്ലപ്പൂ പറിക്കാനായി ചുറ്റുവട്ടത്തെ പെണ്‍കുട്ടികളെത്തി.സുന്ദരികളായ പെണ്‍കുട്ടികള്‍ “മുല്ലപ്പൂ പറിച്ചോട്ടെ ?” എന്ന് ചോദിച്ചപ്പൊ “ങാ, താഴെ വീണത് പെറുക്കിക്കൊ ” എന്ന് ഒരു വല്യ മുല്ലപ്പുതോട്ടത്തിന്റെ ഉടമയെപ്പോലെ ഞാന്‍ ഉത്തരം കൊടുത്തു.പക്ഷെ വല്ലപ്പൊഴും വരാറുള്ള അടുത്ത വീട്ടിലെ പോലീസുകാരന്റെ മകളൊട് അങ്ങിനെ പറയാന്‍ എനിക്ക് തോന്നിയില്ല.ക്ലാസ്സിലെ സുന്ദരിയായ അവള്‍ വരുമ്പൊ മാങ്ങ പറിക്കാനെന്ന വ്യാജേന മാവിന്റെ മൂകളറ്റം വരെ കയറി അതില്‍ പന്തലിച്ച് കിടക്കുന്ന മുല്ലയുടെ മൊട്ടുകള്‍ ഒന്നായി അവള്‍ക്ക് പറിച്ച് കൊടുക്കും.പകരം അവളെനിക്ക് നുണക്കുഴികാട്ടി ഒരു പുഞ്ചിരി തരും.
ഈ ദിവസങ്ങിളിലെല്ലാം മുടങ്ങാതെ അച്ഛമ്മ ചക്കപ്പായസം ഉണ്ടാക്കി തന്നു.അതിനിടെ ഒരു ദിവസം അത് മുടങ്ങി.പതിവു പോലെ സ്കൂളും വിട്ട് കുളിക്കാന്‍ പോയിട്ട് തിരിച്ചുവരുമ്പോ അമ്മ വെളക്ക് കത്തിച്ച് വച്ച് കോലായിലിരിക്കുന്നു.”വെളക്ക് വെക്ക്ന്നേന് മുന്നെ എത്തണൊന്ന് എപ്പൊ യിന്നൊട് പറയുന്നല്ലേ, കേക്കൂല്ലാ, നിന്റെ അച്ഛനിങ്ങോട്ട് വരട്ടെ” അമ്മയുടെ പതിവ് ശകാരത്തിന് ചെവികൊടുക്കാതെ “അച്ഛമ്മേടുത്തു ?” എന്ന് ചോദിക്കാനാണ് തോന്നിയത്.
“അച്ഛമ്മയതാ പനിച്ച് കിടക്കുന്ന്”
“അപ്പൊ ചക്കപ്പായസം ?”
“ഇന്നന്റെ വക” വെള്ളമിറ്റുവീഴുന്ന എന്റെ തല തൊര്‍ത്തി സ്നേഹത്തോടെ അമ്മ പറഞ്ഞു.
പതിവുപോലെ കിണ്ണത്തില്‍ നിറച്ചും അമ്മ പായസം മുന്നില്‍ കൊണ്ട് വച്ച് തന്നു.കുറച്ച് കവില്‍ കുടിച്ചശേഷം എന്റെ മുഖഭാവം കണ്ടിട്ട് അമ്മ ചോദിച്ചു “ന്താ, മധുരേല്യേ ? “
“എനിക്ക് മതീ” ന്ന് പറഞ്ഞ് ഞാന്‍ പാത്രം മുന്നോട്ട് തള്ളി.
“ന്നാ, രാവിലത്തെ പുട്ടും കടലേം തിന്നോ”
“എനിക്ക് ബേണ്ടാ”
“ഓ, അച്ഛമ്മേന്റെ പായസല്ലേ അങ്ങോട്ട് വായിക്കൂടെ താവൂ, ഞമ്മള് വച്ച്യന്നും പിടിക്കില്ലാ, നിനക്ക് ബേണ്ടെ ഞാന്‍ കുടിച്ചോളാം”
“ടാ, ഞ്ഞീ ഇങ്ങോട്ട് ബന്നേ” വടക്കെയാത്ത്ന്ന് അച്ചമ്മയുടേ വിളി”
അച്ഛമ്മയുടേ പായസത്തിന്റെ രുചി ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്തതിനാലും വിശന്നിട്ട് ഞാനൊന്നും കഴിക്കാത്തതിനാലും അമ്മയെന്തക്കെയോ പറയുന്നുണ്ടായിരുന്നു.
വടക്ക്യാത്ത് പണ്ട് പട്ടാളത്ത്ന്ന് അച്ഛന്‍ കോണ്ട് കൊടുത്ത കറുത്ത കമ്പിളിയും പുതച്ച് പത്തായത്തിന്മേല്‍ അച്ഛമ്മ കിടക്കുന്നു.എന്റെ ഉയരമുള്ള പത്തായത്തിന്മേല് ജനലഴിപിടിച്ച് ഞാന്‍ വലിഞ്ഞ് കയറി അച്ഛമ്മയുടെ അടുത്ത് പറ്റിക്കിടന്നു.അച്ഛമ്മയുടേ മേല് നല്ല ചൂടുണ്ടായിരുന്നു.
“യിന്നോട് വെളക്ക് വെക്കണേന്ന് മുന്നെ വ്ടടങ്ങണോന്ന് പറയെന്നല്ലെ ? , തലനല്ലോണം തോര്‍ത്തീറ്റുയില്ലാലപ്പാ” അതും പറഞ്ഞ് അച്ഛമ്മ ഒരു തോര്‍ത്തെടുത്ത് എന്റെ തല തോര്‍ത്തിക്കോണ്ടിരുന്നു.
“നല്ല ചൂടുണ്ടല്ലോ” അച്ഛമ്മേടെ നെറ്റി തൊട്ടോണ്ട് ഞാന്‍ പറഞ്ഞു.
“ഇന്നലെ വൈയീറ്റ് പടിഞ്ഞാറെപ്പുറത്ത് വീണ ഒരോല എടുക്കാന്‍ പോയിനേനു, മഴേം ചാറണുണ്ടായിരുന്നു” പനി വന്നതിന്റെ കാരണം കണ്ടെത്താന്‍ നോക്കുകയായിരുന്നു അച്ഛമ്മ”
“യിങ്ങളെന്തിനാ പോയത്, ഞാനെടുത്തോണ്ട് വരൂല്ലേനോ ?”
“അപ്പോ യിനിക്ക് പനി വരൂല്ലേ ?, പനിയേതാല്ലും വന്ന്, എനിയിപ്പൊ പറഞ്ഞിട്ടെന്താ കാര്യം ?”
“അതൊക്കെ പോട്ടെ, ഞ്ഞീന്താ ചക്കപ്പായസം കുടിക്കായിന് ?”
“അമ്മവച്ചേന് ഒരു ടേസ്റ്റും ഇല്ലാ”
“ഓള് ചെലപ്പൊ വെല്ലം ഇടാണ്ട് പഞ്ചാരയിട്ട് കാണും” അമ്മേടേ പായത്തിന്റെ രുചിവ്യത്യാസതിന്റെ കാരണം കണ്ടെത്താന്‍ നോക്കുകയായിരുന്നു അച്ഛമ്മ.
“എനിക്കൊന്ന് എണീക്കാന്‍ പറ്റ്വങ്കില് ഞാനുണ്ടാക്കിയേനെ, വൈയീറ്റായപ്പൊ തലെയൊന്ന് അനക്കാന്‍ പറ്റാത്ത വേദനയായിരുന്നു.അതും പറഞ്ഞ് അച്ഛമ്മ ഇരിക്കാന്‍ നോക്കിണ്‍ജാന്‍ തലേണ ചുമലിനോട് ചേര്‍ത്ത് വച്ച് കൊടുത്തു.അതിമ്മെ ചാരി അച്ഛമ്മയിരുന്നുണ്‍ജാനൊന്നും പറയാതെ അച്ഛമ്മയേയും നോക്കിയിരുന്നു.
വെളുത്ത വട്ട മുഖമായിരുന്നു അച്ഛമ്മക്ക്, വയസ്സേറെയായെങ്കിലും മുഖത്ത് ചുളിവ് കൂടുതലൊന്നും വീണിരുന്നില്ല.”ന്റെ സ്റ്റ്യില് കണ്ടിട്ടാ നിന്റെ അച്ചാച്ചനെന്നെ എന്നെ പെണ്ണ് കെട്ടിയത്” അച്ചാച്ചാന്‍ പണ്ട് പെണ്ണ് കാണാന്‍ വന്ന കാര്യമൊക്കെ പറയുമ്പോ അച്ഛമ്മ പറയും.
“നിന്നെപ്പോലെ തന്നെയായിരുന്നു നിന്റെ അച്ചാച്ചനും , ചക്കപ്പായസോന്ന് വച്ചാ ജീവനാ, ചക്കയുള്ളപ്പൊ പിള്ളാരെം പഠിപ്പിച്ച് സ്ക്കൂള്‍ന്ന് വരുമ്പോ വൈക്കിട്ടത്തെ ചായക്ക് പകരം പായസേനു..!” എന്റെ ചക്കപ്പായസക്കൊതിയെപറ്റി വര്‍ണ്ണിച്ചു.
“അച്ഛമ്മെ, യിങ്ങള് മരുന്നൊന്നും കുടിച്ചില്ലെ ? , ഞാ വേണെ ചന്തൂട്ടി വൈദ്യന്റെ കടേന്ന് കഷായം വാങ്ങിക്കൊണ്ടേരാ “
“ന്നാ, ഞ്ഞ്യാ പെട്ടിതുറന്ന് എന്റെ പേഴ്സ്സിങ്ങടുത്തെ”.
തലയിണക്കടിയീന്ന് ഇരുമ്പിന്റെ ഒരു തക്കോല്‍ക്കൂട്ടം കയ്യി തന്ന് അച്ഛമ്മ പറഞ്ഞു.
ഞാന്‍ പത്തായത്തിന്ന് ചാടിയിറങ്ങി, അച്ഛമ്മേടെ പണപ്പെട്ടി തുറന്ന് പേഴ്സ്സെടുത്ത് അച്ഛമ്മേടെ കയ്യി കൊടുത്തു.
അതീന്ന് രണ്ട് രൂപയെടുത്ത് എന്റെ കയ്യി തന്ന് അച്ഛമ്മ പറഞ്ഞു.
“ഞ്ഞീ ചന്തൂട്ടീന്റെ പീട്യാ പ്പോയി എനിക്ക് പനിക്ക് കഷായം തരാമ്പറാ, ബെരുമ്പോ ഞ്ഞീ കുഞ്ചിരാമന്റെ കടേന്ന് അയിമ്പസ്സെക്ക് മണിക്കടലെം വാങ്ങിക്കൊ”. മണിക്കടലാന്ന് കേട്ടപ്പോ എനിക്ക് പോകാന്‍ തിടുക്കായി.കൂടെയുള്ള പിള്ളാര് ഏറ്റവും ഇഷ്ടോള്ളതായി കൊഴിബിരിയാണിയും മറ്റും പറയുമ്പോ എന്റെ ഇഷ്ടങ്ങളുടെ പട്ടികയില്‍ ചക്കപ്പായസോം മണിക്കടലേം മേലെ നിന്നു.
അമ്മേടെ കയ്യിന്ന് കഷായത്തിനുള്ള കുപ്പിയും വാങ്ങി ചന്തൂട്ട്യാട്ടന്റെ മരുന്ന് കടേലേക്കോടി.മേറ്റ് കയ്യില്‍ കാഞ്ഞിരത്തിന്റെ ഇലയും മുള്ളും വച്ചുണ്ടാക്കിയ ഫാനുമുണ്ടായിരുന്നു.അച്ഛമേടെ പനി മാറണെ മുത്തപ്പാന്ന് ഉരുവിട്ട്കൊണ്ടിരിക്കുമ്പോഴും ചക്കപ്പായസത്തിന്റെ മധുരം വായില്‍ നിറഞ്ഞു നിന്നിരുന്നു.
നവംബര്‍ – 2000
8 comments നവംബര്‍ 19, 2005
ഹൃദയത്തിന്റെ ഒരു ദിനം
ഇന്ന് പുലര്‍ച്ചെപെയ്തൊഴിഞ്ഞ
വേനല്‍ മഴക്കൊടുവിലെപ്പോഴോ
ഒത്തിരി കഴുകന്മാര്‍ വന്നെന്റെ
ഹൃദയം പതിയെ കൊത്തിനുറുക്കി
ഇടുങ്ങിയക്കുടുക്കിലൂടൂര്‍ന്ന-
വേദനയുമിത്തിരി മോഹങ്ങളും
ഒന്നൊഴിയാതെ കൊത്തിയെടുത്തകന്ന
പക്ഷിയെനോക്കി പുഞ്ചിരിച്ചു ഞാന്‍
കന്നിമണ്ണിന്‍ ഗന്ധമുയര്‍ന്നവാനില്‍
കണ്ണീരുപൊഴിക്കാനറിയാതെ
കിനിയുമിലത്തുള്ളികളെ തട്ടി.
കരളിലെന്‍ വേദനയെപിടിച്ചു നിര്‍ത്തി
രക്തധമനിയിലൂടൊഴുകിയിറങ്ങും
രുധിരമെന്നെ ചുവപ്പിക്കവെ
തകര്‍ന്ന് വീഴും ഹൃത്തിനോടടുക്കാതെ
തനിയെ ഞാനാമതിലിനരികെയിരുന്നു.
കഴുകന്റെ ചിറകടിപോലെന്‍
ഹൃത്തടം മിടിക്കവെ
ആരവങ്ങള്‍ക്കിടെയുയരും
പുരോഹിതമന്ത്രങ്ങളകന്നുവെന്നോ ?
തളരും ഹൃദയവുമിടറും
മനവുമറിയാതെ
ജ്വലിച്ചുയര്‍ന്ന സൂര്യന് കീഴെ
വിശപ്പറിയാതെ ഞാനാ സദ്യയുണ്ടു.
ഇടയ്ക്കതികമായണയും വേദനയെ
കണ്ണിറുക്കി ചുണ്ടുകടിച്ചു
ഞാനെന്നിലേക്ക് മാത്രമൊതുക്കി-
യാ തണലിലേക്കടുത്തു നിന്നു.
പലരും പലതും പ്രാകി
പിന്നിലിരുന്നു പല്ലുകാട്ടി
പതിയെ ഞാനറിഞ്ഞു പുച്ഛിക്കവെ
പുഞ്ചിരിച്ചന്ന്യനായ് മാറി നിന്നു.
വ്യഥയുടെ ഭൂപാളരാഗം
എന്നിലുയര്‍ന്ന് മുഴങ്ങവെ
ജനിച്ച തെറ്റിനെയോര്‍ത്തെ-
ന്നമ്മയെ തള്ളിയകറ്റി ഞാന്‍.
മുറിവേല്‍പ്പിച്ച കഴുകരെ
പിന്നെ ഞാനെങ്ങും കണ്ടതേയില്ല
ഞാനാവരെ തേടിയതുമില്ല-
വരോടെനിക്ക് പകയുമില്ലിപ്പോഴും.
ആളുകളോരോന്നായ് പടിയിറങ്ങുന്നു
കണ്ണീര്‍ക്കണമടരുന്നു ഒഴുകുന്നു
നോക്കാനാവാതെ ചിരിക്കാനറിയാതെ
ഞാനും പടിയിറങ്ങിനിന്നു.
പെയ്തിറങ്ങിയ മഴയുടെ നനവുകള്‍
സന്ധ്യയിലോരു കുളിരായെന്നെ
തഴുകി ചിരിച്ചുകൊണ്ടകലവെ
മൂകനായ് ഞാനാ ഉമ്മറത്തിരുന്നു.
പോയ്മറയും കിളികള്‍തന്നാരവം
എന്നിലൊരേകാന്തത വീണ്ടും തീര്‍ക്കവെ
അവരോടൊത്തു മടങ്ങാന്‍
ചിറകുതളര്‍ന്നോരീ കിളിയും കൊതിച്ചു.
മെയ് 1995
1 comment നവംബര്‍ 7, 2005
മെയ് മാസത്തിലെ കണിക്കൊന്ന
ഞാന്‍ നട്ടുവളര്‍ത്തിയ
വീട്ടുമുറ്റത്തെ കണിക്കൊന്ന
ഇപ്പോഴും പൂത്തിട്ടില്ല
മൊട്ടിട്ടസ്വപ്നത്തിന്‍
വിടരാത്ത മനസ്സുപോലെ
ചെറുമഞ്ഞമൊട്ടുകള്‍
അങ്ങിങ്ങായ് കാണവെ
ഇവിടെയീ മീനമാസത്തില്‍
ഉയരും ഉത്സവച്ചൂടില്‍
സ്വര്‍ണ്ണവര്‍ണ്ണത്തിന്നൊളിതൂകാതെ
എന്തെ നീയൊളിച്ചിരിക്കുന്നു ?
പുലര്‍ക്കാലെ കണ്ണന് ചാരെ
ഒരുങ്ങുമീകണിക്കു മുന്നെ
പൂട്ടിയമിഴിയാലെ വന്നീടുമ്പോള്‍
പുഞ്ചിരിയാല്‍ പുതുലോകം കാട്ടാന്‍
നീയെന്തെയെന്മുന്നില്‍ പൂത്തില്ല ?
വിഷുവെട്ടം കഴിഞ്ഞ്-
മനസ്സിലൊരാമോദ കൊടിയിറക്കി
മുന്നോട്ടയുമ്പോയതെ
നീ സ്വര്‍ണ്ണവര്‍ണ്ണങ്ങളാല്‍ ചിരിക്കുന്നു
നിന്നെ പഴിച്ചു-
വിഷുവിന്‍ നാളില്‍
ഞാനൊതിയ വാക്കുകളുമെന്‍-
ശാപമുഖങ്ങള്‍ക്കുമുത്തര-
മീവൈകിയ നേരത്തെന്തെ
നീ ചിരിതൂകിയൊളിവിതറി-
യൊന്നായ് പറഞ്ഞീടുന്നു.
നീയീതെറ്റിയ നേരത്ത് വന്ന്
ഓര്‍മ്മകള്‍ വിതറി
സ്വര്‍ണ്ണവളകള്‍ കിലുക്കി
മുക്താനുരാഗത്താല്‍
നമ്മെ തളര്‍ത്തുന്നുവോ ?
നിന്‍ മൃദുപുഞ്ചിരിയില്‍
വൈരാഗ്യമുറഞ്ഞുവോ ?
മറിഞ്ഞു വീഴുംസഹചരര്‍
നിന്നില്‍ ഉഴിര്‍കൊണ്ടുവോ ?
പൂക്കാന്‍ മടിച്ചു-
നീയോതിയ പാഠങ്ങള്‍
വൈകിയുണരുമെന്‍
മോഹതപങ്ങള്‍ക്ക് സാക്ഷി
മെയ് – 1996
2 comments ഒക്ടോബര്‍ 21, 2005
വാസു
വാസു
“പേരു കേട്ടാല്‍ തോന്നും പെണ്ണാന്ന്, എന്നാ പെണ്ണല്ല ആണാണ്, ഓഅങ്ങിനെയല്ലാ തിരിച്ച്”
കൂടെയുള്ള പ്രശാന്ത് പട്ടികുഞ്ഞിന്റെ പേരിനെപറ്റി വീട്ടില്‍ വന്നറോയിയോട് വിശദീകരിക്കയായിരുന്നു.പേരിലെപൊരുത്തക്കേടുപോലെ അതിന്റെ ജീവിതവും ഒരുനീര്‍ക്കുമിളയായിരുന്നു.വര്‍ഗ്ഗമേതെന്നുള്ള ഒരു പിഴയില്‍ രാജീവ്‌തെരഞ്ഞെടുത്ത ഒരു പേരായിരുന്നു വാസു.പെണ്ണായിരുന്നിട്ടും ആണിന്റെപേരു കിട്ടാനുള്ള ഭാഗ്യം (നിര്‍ഭാഗ്യം).
ഇനി കഥയിലേക്ക്…
വാസു ഇന്ന് രാവിലെ മരിച്ചു. രണ്ട് മൂന്ന് ആഴ്ച മുന്നെ വിരയുടെഅസുഖമാണെന്ന് പറഞ്ഞ് ഡോക്ടര്‍ (ഞങ്ങളുടെ വീട്ടിന്റെ ഉടമ) കുറച്ച്മരുന്ന് കൊടുത്തിരുന്നു, കുറച്ച് ദിവസത്തിന് ശേഷം വാസു തന്റെചുറുക്കും പ്രസരിപ്പും വീണ്ടെടുത്തിരുന്നു.പിന്നെ ഇന്നലെയാണ് വീണ്ടുംഅസുഖം വന്നത്. ഒരു ചിരിക്ക് ഒരു കരച്ചില്‍ എന്ന ചൊല്ലിന്റെ അര്‍ത്ഥമളക്കുന്നപോലെ, ഓടി നടന്ന് ഒച്ചയാക്കാതെ ഒരു മൂലയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന വേനല്‍ മഴ പോലുംവാസുവിന്റെ മന്ദത മാറ്റി നിര്‍ത്തിയില്ല. രാത്രി വീടിന്റെ പുറത്ത് മഴയത്ത്കിടക്കുന്നത് കണ്ടിട്ടാണ് രാജീവും പ്രശാന്തും കൂടി വാസുവിനെഎടുത്ത് അടുക്കളയോട് ചേര്‍ന്നുള്ള തറയില്‍ കൊണ്ടുപോയി കിടത്തിയത്.
പതിവുപോലെ ബാഗ്ലൂരിലെ കുളിരുകോരുന്ന പ്രഭാതത്തില്‍ ഷട്ടില്‍കളിക്കാനായി എല്ലാവരെയും വിളിച്ചുണര്‍ത്തി.ജോര്‍ജ്ജില്ലാത്തകാരണം ഇന്ന് ബോടി ബില്‍ടിങ്ങിന് പകരംഷട്ടിലാകട്ടെ എന്നും പറഞ്ഞ് തന്റെ കൂടെപ്പിറപ്പായ പച്ചയില്‍ ചുകപ്പു വരെയുള്ളകമ്പിളി മാറ്റി പ്രശാന്തും പുറത്തു വന്നു.ഡ്രസ്സ് മാറാനായി വീട്ടിന്റെമുകളിലെത്തെ മുറിയില്‍ പോയപ്പൊഴാണ് വാസുവിനെ ഞാന്‍ വീണ്ടുംകാണുന്നത്.ഇന്നലെ പെയ്ത മഴകാരണം ടെറസ്സില്‍ അങ്ങിങ്ങായി വെള്ളംകെട്ടികിടക്കുന്നുണ്ടായിരുന്നു.വാസു ആകട്ടെ അതില്‍ ചുരുണ്ടു കൂടികിടക്കുന്നു,
“വാസു…” എന്റെ ഒച്ചകേട്ടപ്പൊ തലതിരിച്ച് ദയനീയമായി എന്നെ ഒന്നുനോക്കി. മരണം കാത്തിരിക്കുന്ന ഒരു ജീവന്റെ അവസാന ജല്‍പനങ്ങളായ് എനിക്കുതോന്നിയോ. നാട്ടില്‍ അയല്‍പക്കത്തുള്ള രാഘവാട്ടന്‍ മരണസമയത്ത് മകന്റെ കയ്യില്‍നിന്ന് വെള്ളം കുടിക്കുന്നത് പെട്ടെന്ന് എന്റെ ഓര്‍മ്മയിലെത്തിയപോലെതൊന്നിയെനിക്ക്.വേഗം താഴേക്ക് ഓടിചെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെകുറെ ഷീറ്റെടുത്ത് വെള്ളമില്ലാത്ത ടെറസ്സിന്റെ വേറൊരു മൂലയില്‍ മഴയില്‍കുതിര്‍ന്ന വാസുവിനെ കൊണ്ടുകിടത്തി. പേപ്പറിന്റെ ഷീറ്റു കൊണ്ടുതന്നെഅവന്റെ മേലുള്ള വെള്ളമെല്ലാം ഒരുവിധം തുടച്ചെടുത്തു.
“ടാ വാസു, വല്ല കാര്യമുണ്ടായിരുന്നോ നിനക്ക് ഈ മഴയത്ത് വന്‍ങ്കിടക്കാന്‍” . വാസുന്ന് വിളിച്ചാല്‍ ഒച്ചയാക്കി ചാടി ചാടി വന്ന് ചെറിയപല്ലുകൊണ്ടു കടിക്കുമായിരുന്നു , പക്ഷെ ഇത്തവണയും അവന്‍ ദയനീയമായിനോക്കുക്കയാണ് ചെയ്തത്, കണ്ണുകളൊക്കെ പാതിയെതുറന്നിരുന്നുള്ളു.ജീവതത്തിന്റെ ഒരു അവ്യക്തത ആ കണ്ണില്‍ കണ്ടിരുന്നോ.അസ്പഷ്ടമായ ഒരു ശബ്ദത്താല്‍ വാസു ഒന്നു കൂടി ചുരുണ്ടു കൂടി.അപ്പോഴെക്കും താഴെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കെട്ടു “ടാഞ്ഞാനും കൂടി”
“നീ അവിടെ എന്തോന്നുണ്ടാക്കുന്നാ ?”
“വാസു മേലെ ടെറസ്സിലാ വെള്ളത്തില്‍ കിടക്ക്വാ, ഞാനവനെയുറ്റുത്ത് ഒരുപേപ്പറില്‍ കിടത്തിയിറ്റുണ്ടു” രാജീവിന്റെ പുറകില്‍ ബൈക്കില്‍ കയറി കൊണ്ടുഞ്ഞാന്‍ പറഞ്ഞു.
“ടാ അവനെ നമ്മളിന്നലെ ചാക്ക് കഷണത്തില്‍ താഴെ കിടത്തിയതല്ലെ ?”
“രാത്രി സ്വപ്നം കണ്ടിട്ട് ഇറങ്ങിനടന്നതാവും” പ്രശാന്ത് കൊച്ചുവെളുപ്പാന്‍ കാലത്ത് തന്നെ അവന്റെ തമാശ തുടങ്ങിയിരുന്നു.
കളിയോക്കെ കഴിഞ്ഞ് വരുന്ന വഴി എല്ലാവര്‍ക്കും വാസുവിനെ പറ്റിതന്നെയായിരുന്നു പറയനുണ്ടായിരുന്നത്, ഡോക്ടര്‍ വന്ന് അവനെ നൊക്കിയകാര്യവും മരുന്നു കൊടുത്തതൊക്കെയായിരുന്നു ചര്‍ച്ചാ വിഷയം.
മുകളിലെ കുളിമുറിയില്‍ കുളിക്കാനായ് പോയപ്പോഴാണ്‌വാസുവിനെ ഞാന്‍ വീണ്ടും കാണുന്നത്‌ണ്‍ജാന്‍ വിരിച്ചുകൊടുത്ത പേപ്പറില്‍നിന്നൊന്നകന്നായിരുന്നു അപ്പൊ അവന്റെ കിടപ്പ്.
“വിരിച്ചെടുത്ത് കിടക്കില്ല” എന്നും പറഞ്ഞ് ഞാന്‍ അവനെ താഴെ വിരിച്ചപേപ്പര്‍ നേരെയാക്കി അവനെ വീണ്ടും അതില്‍ കിടത്തി. ഉറങ്ങുകയാണെന്നാ ഞാന്‍വിചാരിച്ചത്.
“ടാ വാസു” ഞാന്‍ വീണ്ടും വിളിച്ചപ്പോഴും അവന്‍അനക്കമില്ലായിരുന്നു.പതുക്കെ തല ഒന്ന് തട്ടിയപ്പൊ, നിര്‍ജ്ജീവമായ്പഴയതുപോലെ തിരിച്ചുവന്നു നിന്നു.പിന്നെ ശരീരമാകെകുലുക്കിയപ്പോഴും ഒരു അനക്കവുമില്ല.
പിന്നെ ഞാന്‍ താഴെ ഓടി വന്ന് എല്ലാവരൊടുമായ് ഞാന്‍ പ്രഖ്യാപനംനടത്തി “വാസൂന്റെ കാറ്റ് പോയി” .പിന്നെ മരണം ഉറപ്പാക്കാന്‍ എല്ലാവരുംമുകളിലേക്ക് പോയി.വാസു ഒരിക്കലും ഒരു റിയല്‍ പെറ്റായിരുന്നില്ല,എന്നാലും ഓടിച്ചാടി നടന്ന് തന്റെ സാന്നിധ്യം എല്ല്വരെയുംഅറിയിച്ചുകൊണ്ടെയിരുന്നു.ജോലി കഴിഞ്ഞു വരുന്ന സായാഹ്നങ്ങില്‍കുറച്ചു കാലെത്തേക്കാണെങ്കിലും തന്റെതായ ഒരു ഉണര്‍വ്വ്പകര്‍ന്നിരുന്നു.പിന്നെ
വെറുതെ “വാസു ,വാസു” എന്ന് വിളിക്കുന്നതും എല്ലാവര്‍ക്കും ഒരുരസമായിരുന്നു.
കൂടെയുള്ള നിക്കിക്കും ഡിക്കിക്കും മകളുടെ മരണം വേദന സൃഷ്ടിച്ചോഅതെല്ലെങ്ങില്‍ മകള്‍ മരിച്ചു എന്ന സത്യം അവര്‍ക്ക് മനസ്സിലായോ ? മനുഷ്യന്റെജീവസ്പന്ദനങ്ങളില്‍ ചൊദ്യം അപ്രസക്തമാണെങ്ങിലും ജീവന്‍ തുടിക്കുന്നഒരോ മനസ്സിനും ആശയവിനിമയമുണ്ടെന്ന ശാസ്ര്തസത്യംവിസ്മരണീയമല്ല.
വാസു മരിച്ചു എന്ന കാര്യം ഞങ്ങള്‍ ഉടെനെ ഡോക്ടറെ വിളിച്ചുപറഞ്ഞു.
“ഓ , അത് മരിക്കൂന്ന് എനിക്കിന്നലയെ തോന്നിയിരുന്നു”
അവരുടെ പതിവു ശെയിലിയില്‍ മരണത്തെ അവര്‍പ്രതികരിച്ചു.ഡോക്ടറായതുകൊണ്ടൊ അല്ലെങ്കില്‍ മരിച്ചത് ഒരുപട്ടി കുഞ്ഞായതുകൊണ്ടൊ, എന്തോ അവര്‍ക്ക് മരണം വളരെലാഘവത്തോടെയയിരുന്നു എടുത്തത്.അവര്‍ തന്നെ വന്ന് ശവം മറവുചെയ്യുമെന്നും പറഞ്ഞു.പിന്നെ പതിവു പോലെ എല്ലവരും ഒന്‍പത്മണിയോടെ കമ്പിനിയിലേക്ക് പോയി.
കശ്മു മാത്രമായിരുന്നു വീട്ടില്‍.സംഭവബഹുലമായ ഒരുപുതുവര്‍ഷത്തിന്റെ ഹാങ്ങോവറില്‍ രാജികത്ത് ബോസ്സിന് അപ്പൊ തന്നെ ടൈപ്പ്ചെയ്തു കൊടുത്തു കമ്പനിയുടെ പടിയിറങ്ങിയ കശ്മു ,തന്റെ അമേരിക്കന്‍സ്വപ്നങ്ങളും താലോലിച്ച് ദിവസങ്ങള്‍തള്ളിനീക്കുകയായിരുന്നു.ഓഫീസിലേക്ക് പൊകുന്നതിന്ന് മുന്നെകശ്മുവിനെ കുത്തിപൊക്കി പ്രശാന്ത് “ടാ കശ്മു, നീയറിഞ്ഞോനമ്മുടെ വാസു ഇന്ന് രാവിലെ വടിയായി” “ങാ, അതെയോ ” എന്ന് പറഞ്ഞുകശ്മു തിരിഞ്ഞ് കിടന്നു.
ഒരു പതിനൊന്ന് മണിയായി കാണും, എനിക്ക് ഒരു ഫോണ്‍കാള്‍.കശ്മു ആയിരുന്നു ലൈനില്‍ “ടാ നീ വേഗം ഇങ്ങോട്ട് വന്നെ, എവിടെആകെ പ്രശ്നമാ !”
“ന്താ , വാസുനെ കുഴിച്ചിട്ടില്ലെ ? , അതാണോ ?”
“കുഴിച്ചിടുവൊക്കെ ചെയ്തു, കൂടെ ഡോക്ടറും പിന്നെ അവരുടെഭര്‍ത്താവും ഉണ്ടായിരുന്നു, വീടിന്റെ പുറകിലെ പറമ്പിലാണ് കുഴിവെട്ടിയത്” എന്റെ ചൊദ്യത്തിന് ഉത്തരമായെങ്കിലും പ്രശ്നമെന്താണെന്ന് ഞാന്‍അവനൊട് വീണ്ടും ചോദിച്ചു.
“ടാ, ഇപ്പൊ ഡോക്ടര്‍ക്ക് ഒരു സംശയം, പട്ടിക്ക് പേയുണ്ടോന്ന് ?”
“മച്ചാ പ്രശ്നമായോ ? , ഇനിയിപ്പൊ എന്താ ചെയ്യാ ? ” ചെറിയൊരുപേടിയോടെ ഞാന്‍ ചോദിച്ചു.
“എന്തോന്ന് ചെയ്യാനിഷ്ടാ, വേഗം അതിനെ മാന്തിയെടുത്ത് വെറ്റിനറിഹോസ്പിറ്റലില്‍ കൊണ്ടു പോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാനാഡോക്ടറ് പറയണ്
“ഹോസ്പിറ്റലിലെവിടെയാ ?”
“മേക്രിസര്‍ക്കിളിനടുത്തുള്ള ഹെബ്ബാളിലാണ്, നീയൊന്ന് ഡയലോഗ്‌വിടാതെ വേഗം വാ എന്റെഷ്ട്ടാ” കശ്മു ചൂടായി കൊണ്ട് പറഞ്ഞു ,കശ്മു ചൂടായാല്‍ പിന്നെ സംഗതി പിശകാ, പണ്ടെപ്പൊഴൊകൂടെയുള്ളൊരുവനെ കഴുത്തിന് തൂക്കി അടിക്കാന്‍ നോക്കിയതാ, അത്‌ഓര്‍മ്മയിലുള്ളത് കൊണ്ട് ഞാന്‍ പെട്ടെന്നു തന്നെ ഓഫീസില്‍ നിന്നിറങ്ങി.
ഞാന്‍ വീട്ടിലെത്തുമ്പൊഴേക്കും കശ്മു വാസുവിനെ തോണ്ടിയെടുത്ത് ഒരുബാഗിലാക്കിയിരുന്നു.
“ടാ പന്ത്രണ്ട് മണിക്ക് ഹോസ്പിറ്റലടക്കും , നീയൊന്ന് വേഗം കയറ്” ,കശ്മു തന്റെ ബീഹാര്‍ രെജിസ്ട്രേഷനിലുള്ള കറുത്ത യമഹാ ബൈക്ക്സ്റ്റാര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു.പിന്നെയൊരുകത്തിക്കലായിരുന്നു.ടിപ്പസാന്ദ്ര മാര്‍ക്കെറ്റിലുള്ളിലൂടെ ബൈക്ക് ഊളിയിട്ടുപാഞ്ഞു.വാസുവിന്റെ ശവമുള്ള ബാഗ് ഇടതു കയ്യില്‍ ഞാന്‍ മുറുക്കിപിടിച്ചിരുന്നു.വഴി നീളെ കശ്മു പട്ടിക്ക് പേയുള്ളതിന്റെ ലക്ഷണങ്ങളെ പറ്റിപറഞ്ഞു കൊണ്ടേയിരുന്നുണ്‍ജങ്ങളുടെ ഡോക്ടര്‍ക്ക് പരിചയമുള്ളഡോഃഏമനാഥ് ഗൌഡ എന്ന വെറ്റിനറി ഡോക്ടറുടെ ഫോണ്‍ നമ്പര്‍ അവര്‍കശ്മുവിന് കൊടുത്തിരുന്നു. കഷ്മു അവരെ വിളിച്ച്കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു.റാബ്ബിസ്സ് വന്ന പട്ടികള്‍ രണ്ട്‌തരത്തിലാണ് പ്രതികരിക്കുക, ഒന്നുകില്‍ വയലന്റ് ആയിരിക്കും അല്ലെങ്കിസോബര്‍ ടൈപ്പായിരിക്കും, ടാ നമ്മുടെ വാസു രണ്ടാമത്തെ ടൈപ്പായിരിക്കുംല്ലെ ? ചോദ്യത്തില്‍ ഒരു നുറുങ്ങു ഫലിതത്തിന്റെ ചുവ ഉണ്ടെങ്കിലുംഅതിനോട് പൊരുത്തപ്പെടാന്‍ എന്തോ എനിക്ക് ആയില്ല.ഉന്തു വണ്ടിയില്‍ കടലവില്‍ക്കുന്ന താഴെ പാച്ചപ്പൊയ്കയിലെ
കേശു ആശാനെ പണ്ട് പേപ്പട്ടി കടിച്ചപ്പോ പൊക്കിന് ചുറ്റും പന്ത്രണ്ട്സൂചിയാ വച്ചത്. പണ്ടെപ്പോഴൊ പേപ്പട്ടിയെ പറ്റി പറഞ്ഞപ്പോ അച്ഛമ്മപറഞ്ഞത് ഒരു കൊള്ളിയാന്‍ പോലെ എന്റെ മനസ്സിലൂടെ പോയി.
“ടാ കശ്മു , അപ്പൊ ഒരു സംശയം, നമ്മള് പട്ടികളെ പുറത്തോന്നുംവിടുന്നില്ലല്ലോ, മറ്റ് പട്ടികളൊന്നും ഇങ്ങോട്ടും വരുന്നില്ല ,പിന്നെയെങ്ങിനെയാ ?”
എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിന് മുന്നെ തന്നെ ഒരു തികഞ്ഞപശുപതിയെപ്പോലെ കശ്മു ഉത്തരം പറഞ്ഞ് തുടങ്ങി
“ടാ ഈ രാബ്ബിസ്സ് കൊണ്ടുവരുന്നത് പെരുച്ചാഴിയാണ്, അത് നമ്മുടെപറമ്പിലാവശ്യം പോലെ ഉണ്ടല്ലോ ! “
എന്റെ പെടി കൂട്ടാനെന്നോണം കശ്മു പിന്നെയും പേപ്പട്ടിയെപറ്റിഎന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിലേക്കുള്ള വഴി രണ്ടു പേര്‍ക്കും വല്യ നിശ്ചയംഇല്ലായിരുന്നു.പിന്നെ പന്ത്രണ്ട് മണിയോടെ അവിടെ എത്തുകയും വേണം,ആകെ കൂടി ഒരു വെപ്രാളമായിരുന്നുഠപ്പിതടഞ്ഞ് പന്ത്രണ്ട് മണിയോടെഅവിടെ എത്തി. പാറാവുകാരനോട് പാഥോളജി ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ളവഴി ഏതാണെന്ന് ചോദിച്ചു, അയാള്‍ പറഞ്ഞ വഴിയിലൂടെ കശ്മുവുംകയ്യില്‍ വാസുവിന്റെ ശവവുമായി ഞാനും.’ഡോഃഏമനാഥ് ഗൌഡ,ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാഥോളജി’ എന്ന ബോര്‍ഡ് കണ്ടപ്പൊ രണ്ടാള്‍ക്കുംആശ്വാമായി.ചെറിയൊരു മടിയോടെ കശ്മു അകത്ത് കയറി, പുറത്ത്‌വാസുവിന്റെ ശവവുമായ് ഞാനും.ഒരഞ്ച് നിമിഷമായി കാണുംമുറിയുടെ മറ്റേ വാതിലിനടുത്തു നിന്ന് കശ്മു എന്നെ ആംഗ്യം കാട്ടിവിളിക്കുന്നു.കശ്മുവിന്റെ കൂടെ ഒരുഏറ്റ്ന്ററുമുണ്ടായിരുന്നു.കശ്മുവിന്റെ കയ്യിലേക്ക് ഒരു ഫോംകൊടുത്ത് അത് പൂരിപ്പിക്കാന്‍ പറഞ്ഞു. എന്നോട് ശവം മോര്‍ച്ചറിയില്‍കൊണ്ടുപോകാന്‍ പറഞ്ഞു.അത് വഴി വന്ന ഒരു സ്റ്റുഡന്റിന്റെ സ്കൂട്ടറിന്റെപിറകിലായ് ശവവുമായ് മോര്‍ച്ചറി ലക്ഷ്യമാക്കി നീങ്ങി..പോകുന്നവഴി, എങ്ങിനെയാണ് മരിച്ചത്? ,പേയുള്ളത് എങ്ങിനെ മനസ്സിലായി ?എന്നിങ്ങനെ അയാള്‍ വിദ്യാര്‍ഥിയുടെകൌതുകത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.അവസാനം ഞങ്ങള്‍ ഹോസ്പിറ്റലില്‍നിന്ന് കുറച്ചകലെയുള്ള മോര്‍ച്ചറിയില്‍ എത്തി. പട്ടി,പൂച്ച,ആട്‌തുടങ്ങിയ മൃഗങ്ങളുടെ ശരീരം മുറിച്ച് ചോരയില്‍ മുങ്ങിയ ഭാഗങ്ങള്‍വെള്ള കോട്ടിട്ട ഡോക്ടറാണെന്ന് തോന്നുന്ന ഒരാള്‍ ചുറ്റുമുള്ള സ്റ്റുഡന്‍സ്സിന്‌വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.ചുറ്റും മൂക്ക് തുളച്ച് കയറുന്നദുര്‍ഗന്ധമായിരുന്നു.അകത്തെ മുറിയിലൊന്നില്‍ മൃഗങ്ങളുടെ ഭാഗങ്ങള്‍സ്പിരിട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിന് അടുത്ത് വാസുവിന്റെ ശവമടങ്ങിയബേഗ് വച്ച് പുറത്ത് ഞാന്‍ കാത്തു നിന്നു.ഒരു പത്ത് മിനിട്ടായി കാണും,ഒരറ്റന്റര്‍ പുറത്ത് വന്ന് ഡിപ്പാര്‍ട്ട്മെന്റിലേക്ക് പോയിക്കോളാന്‍ കന്നടയില്‍പറഞ്ഞു.ഭാഷ ശരിക്ക് മനസ്സിലായില്ലെങ്കിലും സംഗതി എനിക്ക്പിടികിട്ടി.പോകുന്ന വഴി കശ്മു എതിരെ വരുന്നുണ്ടായിരുന്നു.എന്നെകണ്ടപാടെ കശ്മു ബൈക്ക് തിരിച്ചു.
“എന്തായി മച്ചാ ?” ബൈക്കിന്റെ പുറകില്‍ കയറുമ്പൊ ഞാന്‍ ചോദിച്ചു
“ഓ , റിസള്‍റ്റ് അറിയാന്‍ എനി തിങ്കളാഴ്ച വരെ കാത്തിരിക്കണം”കശ്മുവിന്റെ വാക്കുകളില്‍ നിരാശ നിറഞ്ഞു നിന്നിരുന്നു.
ഒന്നരയോടെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.ഡോക്ടര്‍ക്ക് ഫോണ്‍ ചെയ്ത്കാര്യങ്ങളൊക്കെ പറഞ്ഞു.പക്ഷെ ഡോക്ടര്‍ ഇഞ്ചക്ഷനെടുക്കുന്ന കാര്യങ്ങളൊക്കെയാണ്മറുപടിയായി പറഞ്ഞത്.അതൊക്കെ കേട്ടപ്പൊ ഇതുവരെ ചെറുതായിഉണ്ടായിരുന്ന ഭീതിക്ക് വലുപ്പം കൂടിയപോലെ തോന്നി.
അതിനു ശേഷം കൂടെയുള്ളവരെയൊക്കെ വിളിച്ച് വിവരങ്ങള്‍പറഞ്ഞു.പൊക്കിളിന് ചുറ്റും സൂചി വയ്ക്കുന്നതൊക്കെയോര്‍ത്ത്‌എല്ലാവരിലും നല്ലൊരു ഭയം ഉറഞ്ഞു കൂടിൃണ്ട് ദിവസംറിസല്‍ട്ടറിയാന്‍ കാക്കണൊ, അതൊ ഇപ്പോഴെ ഇഞ്ചക്ഷന്‍ എടുക്കുന്നതല്ലെബുദ്ധിയെന്നൊക്കെ ചര്‍ച്ചയില്‍ പറഞ്ഞു കേട്ടു.ഓരൊ വാചകങ്ങളും അതുവരെസംഭരിച്ച ധൈര്യം ചോര്‍ത്തിക്കളയുന്ന പോലെ തോന്നി.
“സൂചിയൊക്കെ നമുക്ക് വെക്കാം മച്ചാ, ഇപ്പോ നമുക്ക് മല്ലു മെസ്സില്‍പോയി ലഞ്ച് കഴിക്കാം , നീ വീട് പൂട്ടിയിറങ്ങ്” കശ്മുപറഞ്ഞപ്പോഴാണ് വിശപ്പിന്റെ കാര്യം ഓര്‍ത്തത്.പിന്നെ വേഗം വീട് പൂട്ടികശ്മു തന്റെ ബൈക്ക് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു.ടിപ്പസാന്ദ്ര മാര്‍ക്കറ്റിലൂടെമല്ലു മെസ്സ് ലക്ഷ്യമാക്കി ഞങ്ങള്‍ മെല്ലെ നീങ്ങി.
മാര്‍ച്ച് 97
7 comments ഒക്ടോബര്‍ 11, 2005
ബ്ലോഗ് പിറക്കുന്നു
സിബൂനെ വിളിക്കുമ്പൊ എന്നും ചോദിക്കും ‘എടാ നീയെന്താ ഒരു ബ്ലൊഗ് തുടങ്ങാത്തത് ? ‘
തിരക്കേറിയ ഈ ജീവിതയൊട്ടത്തില്‍ സമയം കിട്ടുന്നില്ലടാ എന്ന പതിവു പല്ലവിയിലോട്ടും പോയില്ല…
ഓണ വിശേഷങ്ങളൊക്കെ വച്ച് ഓണത്തിനൊരു ബ്ലൊഗ് തുടങ്ങാമെന്ന് വിചാരിച്ചു , അത് പറ്റിയില്ല . ഇപ്പൊ ഗാന്ധി ജയന്തി ദിനത്തിലാകട്ടെ… അപ്പൊ തുടങ്ങാം അല്ലെ ?
ഓണത്തെ കുറിച്ച് പറയുമ്പൊ എന്താ പറയുക ? ‘ഓണം…മലയാളക്കരയുടെ മഹനീയ സങ്കല്‍പ്പം
അല്ലെലെല്ലാം മറന്ന് മാവേലി മന്നനെ എതിരേല്‍ക്കുന്ന കാലം. മലയാളക്കരയുടെ സുന്ദര സുമോഗന സ്വപ്നം… എല്ലാം ഇന്ന് ഇന്നലയുടെ ഇരുളില്‍ മറഞ്ഞ് പോയിരിക്കുന്നു…’ പണ്ടത്തെ തരംഗിണിയുടെ ഓണകാസ്സറ്റില്‍ കേട്ട് മറന്ന ശകലങ്ങള്‍…
എല്ലാ വര്‍ഷവും ഓണമാകുമ്പൊ ആദ്യം ഓര്‍മ്മ വരുന്ന വാക്കുകളാണിവ… ഇന്നും ഇതിന് പതിവ് തെറ്റുന്നില്ല.
പൂവുള്ളതൊക്കെ പെറുക്കി മാളുവും ദീപ്തിയും പത്ത് ദിവസവും പൂവിട്ടു… ഓലകൊണ്ട് മെനെഞ്ഞ പൂക്കൊട്ടകളില്‍ തുമ്പയും പിന്നെ നല്ല വയലറ്റ് നിറമുള്ള കോഴിപ്പൂവും കാടായാ കാടൊക്കെ കറങ്ങി ഓടി നടന്ന് പൂ പറിച്ചിരുന്ന ഒരു ബാല്യം മുന്നില്‍ തെളിയുന്നു.വയലറ്റും വെളളയുമായ ഈ നിറങ്ങള്‍ പൂക്കളത്തില്‍ എടുത്തു കാണിക്കുമെന്നാണ് പൂക്കളമൊരുക്കുന്നതില്‍ ഗുരുവും വരകളുടെ രാജാവുമായ രഘുപാപ്പന്‍ പറയാറ്. ഓണത്തിനുള്ള പൂക്കള മല്‍സരങ്ങളില്‍ നമ്മുടെ മുഖ്യ എതിരാളി കണ്ടോത്തുള്ള മൂത്തച്ഛന്റെ കുടുംബമയിരുന്നു. മൂത്തച്ഛന്റെ മൂത്ത മകന്‍ മോഹനാട്ടന്‍ നന്നായി വരക്കുന്ന ആളായിരുന്നു.ക്രിസ്തുമസ്സിനൊക്കെ പുള്ളിക്കാരന്‍ വരച്ച പടങ്ങളായിരുന്നു ഗ്രീറ്റിംഗ് കാര്‍ഡായി കിട്ടാറ്. പിന്നെ തലയില്‍ വരച്ചിട്ടുണ്ടെന്ന് പറയുമ്പോലെ ഒരു കഴിവും ഉണ്ടെന്ന് പറയാം. വായനശ്ശാലയില്‍ പാച്ചപ്പൊയ്ക ടൈംസ്സ് എന്ന പേരില്‍ ഒരു വീക്കിലി പത്രം ഞങ്ങളെറക്കിയിരുന്നു. അതിലെ ന്യൂസ് ഞാനും മോഹനാട്ടെന്റെ അനിയന്‍ രഞ്ചിയാട്ടനും കൂടിയായിരുന്നു കമ്പൊസ്സ് ചെയ്യാറ്. പത്രത്തില്‍ മാന്‍ഡ്രേക്ക് എന്ന കാര്‍ട്ടൂണ്‍ മോഹനാട്ടനയിരുന്നു വരച്ചിരുന്നത്. നാട്ട് പ്രമാണിമാരുടെ ഉറക്കം കെടുത്തിയ ഒരു കാര്‍ട്ടൂണ്‍ പരമ്പര തന്നെയായിരുന്നു അത്… ഞായറാഴ്ച്ച രാവിലെയാണ് പത്രം വായനശ്ശാലയില്‍ എത്തുന്നത്. ചില ആഴ്ചകളില്‍ ഒച്ചയാകുമ്പോഴേക്കും പത്രം അപ്രത്യക്ഷമാകും… മിക്കവാറും മോഹനാട്ടന്റെ കാര്‍ട്ടൂണാകും വിഷയം… ഒറ്റ കോപ്പിമാത്രമുള്ള പത്രം എവിറ്റേന്ന് നാട്ടുകാര് ചോദിക്കുമ്പോ അത് പ്രമാണിമാരുടെ വീട്ടില്‍ കാണും എന്ന് പറയാനെ പറ്റാറുള്ളു. കോപ്പികളിറക്കണമെന്ന് രഞ്ചിയാട്ടന്‍ പറഞ്ഞെങ്കിലും അതൊന്നു പിന്നെ നടന്നില്ല…
സത്യം പറഞ്ഞാല്‍ മോഹനാട്ടനും രഘുപ്പാപ്പനും വരക്കുന്ന ഡിസൈനിലാണ് പൂക്കളതിന്റെ മര്‍മ്മമിരിക്കുന്നത്. രണ്ട് വീട്ടുകാര്‍ക്കും ഒന്നും രണ്ടും സമ്മാനങ്ങള്‍ മാറി മാറി കിട്ടാറുണ്ട്.പാച്ചപ്പൊയ്ക വായനശ്ശാലയുടെ ആഭിമുഖ്യത്തിലായിരുന്നു മല്‍സരങ്ങള്‍ നടത്തിയിരുന്നത്. ഗ്ലാസ് സെറ്റോ അല്ലെങ്കില്‍ പ്ലയിറ്റ് സെറ്റോ ആയിരിക്കും മിക്കവാറും സമ്മാനം. സമ്മാനദാന പരിപാടികളില്‍ ഏെറ്റവും അവസാനത്തെ അയിറ്റമായിരിക്കും ഇത്. നാട്ടിലെ ആദരീയണീയനും ഓഫീസുദ്യോഗങ്ങളില്‍ തലപ്പത്തിരിക്കുന്ന ബി.ഡി.ഓ ഓഫീസര്‍ അനന്താട്ടനായിരിക്കും മിക്കവാറും സമ്മാനദാനം നടത്തുക.വള്ളി ട്രസറൊക്കെയിട്ട് സമ്മാനം കൈ നീട്ടി വാങ്ങാന്‍ നമ്മളും. ഓണത്തിന്റെ പൂക്കള മല്‍സരത്തിന് സമ്മാനം കിട്ടുക എന്നത് ചില്ലറ കാര്യം ഒന്നുമായിരുന്നില്ല.മിക്കവാറും ഒരു ഇരുപതിനടുപ്പിച്ച് ടീം ഉണ്ടാകും മല്‍സരിക്കാന്‍. മാവേലിയോടൊപ്പം പൂക്കളം കാണാന്‍ നമ്മളും പോകും. പൂക്കളം എല്ലാം കണ്ട് വീട്ടില്‍ വന്ന് വിലയിരുത്തും. ‘ഇത്തവണ ഫശ്സ്റ്റ് പ്രയിസ്സ് കണ്ടോത്ത് പോകുമെന്നാ തോന്നുന്നെ, നമ്മുടെ പൂക്കളത്തിന് ഒരു എടുപ്പ് പോരാന്ന് പിള്ളാര് പറയെന്നെ’. പിന്നെ റിസല്‍ട്ടറിയുന്നത് വരെ ടെന്‍ഷനാ.വര്‍ഷങ്ങള്‍ പെയ്തൊഞ്ഞപ്പോള്‍ എപ്പൊഴൊ പൂക്കള മല്‍സ്സരങ്ങളും നിന്നു. കര്‍ക്കിട മാസത്തെ ഒരു ത്രിസന്ധ്യക്ക് പാനുണ്ട വായനശ്ശാലക്ക് പൊകുന്ന വഴി മോഹനാട്ടനെ പാമ്പ് കടിച്ചു.അത് ഒരു മരണത്തിലേക്കുള്ള യാത്രയായിരുന്നു. മരണമെന്ന സത്യത്തെ അറിഞ്ഞു വരുന്ന കാലമായിരുന്നു. വിറങ്ങലിച്ച ശരീരത്തെ നോക്കി കരയാനാവാതെ ഞാനിരുന്നു. വരകളും നുറുങ്ങ് സാഹിത്യവുമായി നടന്നിരുന്ന ഒരു നല്ല സഹചാരിയെ നഷ്ടമായി എന്നനെനിക്ക് തോന്നി. നൊര്‍ത്ത് മലബാര്‍ ഗ്രാമീണ ബാങ്കിലെ ജോലി കഴിഞ്ഞ് വരുന്ന ഒഴിവ് സായാഹ്നങ്ങള്‍ ചിലപ്പോഴൊക്കെ എനിക്ക് കിട്ടാറുണ്ടായിരുന്നു. നഷ്ടവസന്തങ്ങളില്‍ ചിലത് കൂടി…
ആ.. ഈ വര്‍ഷത്തെ ഓണം… നസ്രാണി കൂട്ടുകാരെയൊക്കെ വിളിച്ച് ഓണസദ്യ കൊടുത്തു. നാടന്‍ സാമ്പാറും പച്ചടിയും തോരനും പപ്പടവും ഒക്കെയായി ഒരു ഓണ്. ഇതൊന്നും അങ്ങോട്ട് താഴുനിലെന്ന് പറഞ്ഞ മത്തായിക്ക് ഒരു ഡബിള്‍ ഓം ലറ്റ് ഉണ്ടാക്കി കൊടുത്തു… അങ്ങിനെ അങ്ങേരും ഹാപ്പി
4 comments ഒക്ടോബര്‍ 2, 2005


